ഇസ്‌താംബൂൾ: വടക്കൻ തുർക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും ഒൻപത് പേർ കൊല്ലപ്പെട്ടു. ആയിരത്തിൽ അധികം പേരെ ദുരന്തബാധിത മേഖലയിൽ നിന്ന് മാറ്റി പാർപ്പിച്ചതായും ദുരന്തനിവാരണ വകുപ്പ് വ്യാഴാഴ്‌ച അറിയിച്ചു.
മിന്നൽ പ്രളയം മൂന്ന് പ്രവിശ്യകളെ സാരമായി ബാധിച്ചതായും, കുറഞ്ഞത് അഞ്ച് കുട്ടികളെയെങ്കിലും അപകടത്തിൽ കാണായതായും അധികൃതർ വ്യക്‌തമാക്കി. കാലാവസ്‌ഥാ വ്യതിയാനം കാരണം തുർക്കിയിൽ മുൻപൊരിക്കലും ഇല്ലാത്തവിധം പ്രകൃതി ദുരന്തങ്ങൾ വർധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ആഴ്‌ചയാണ് തെക്കൻ മേഖലയിൽ കാട്ടുതീ വലിയ നാശനഷ്‌ടങ്ങൾ സൃഷ്‌ടിച്ചത്. അതിന്റെ നടുക്കം മാറുന്നതിന് മുൻപ് തന്നെ മിന്നൽ പ്രളയം കൂടി എത്തിയതോടെ സർക്കാരും ജനങ്ങളും ഭീതിയിലാണ്.
ചൊവ്വാഴ്‌ച പെയ്‌ത കനത്ത മഴയെ തുടർന്നാണ് തുർക്കിയിൽ വെള്ളപ്പൊക്കമുണ്ടായത്. അപ്രതീക്ഷിതമായി പെയ്‌ത മഴ നദികളിൽ ജലനിരപ്പ് ഉയരുന്നതിനും, മണ്ണിടിച്ചിലിനും കാരണമായി. മൂന്ന് വടക്കൻ പ്രദേശങ്ങളിലെ റോഡുകൾ പൂർണമായും തകർന്നു. ബാർട്ടിൻ, കസ്‌തമോനു, സിനോപ് മേഖലകളെയാണ് ദുരന്തം കൂടുതലായി ബാധിച്ചത്.
Read Also: 5000ത്തിലധികം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു; ആരോപണവുമായി കോണ്‍ഗ്രസ്