കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ വിശദീകരണവുമായി കെ റെയിൽ. മെട്രോ സർവീസ് പോലെ ഒറ്റ നഗരമാക്കി കേരളത്തെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ എന്ന് കെ റെയിൽ കോർപറേഷൻ ലിമിറ്റഡ് വിശദീകരിക്കുന്നു. സിൽവർ ലൈൻ കേരളത്തെ വിഭജിക്കില്ലെന്നും കെ റെയിൽ കോർപറേഷൻ വ്യക്‌തമാക്കുന്നു.
യൂറോപ്പിലും അമേരിക്കയിലും റഷ്യയിലും ചൈനയിലുമെല്ലാം അതിവേഗ റെയിൽപാതകളും ഹൈവേകളും എക്‌സ്‌പ്രസ് പാതകളുമൊക്കെ ഉണ്ട്. ഇവയൊന്നും ഇതുവരെ രാജ്യത്തെയോ അല്ലെങ്കിൽ പാത കടന്നുപോകുന്ന പ്രദേശത്തെയോ രണ്ടായി മുറിച്ചിട്ടില്ല. ഇതുപോലെ കാസർഗോഡ്-തിരുവനന്തപുരം സിൽവെർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയും കേരളത്തെ രണ്ടായി വിഭജിക്കുകയില്ലെന്നും കെ റെയിൽ വിശദീകരിച്ചു.
സിൽവർ ലൈൻ പാതയുടെ ആകെ ദൂരം 530 കിലോമീറ്ററാണ്. അതിൽ തന്നെ 137 കിലോമീറ്റർ പാത തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്. ഈ പ്രദേശങ്ങളിൽ ആളുകൾക്ക് ഇപ്പോഴത്തേത് പോലെ ഭാവിയിലും സഞ്ചരിക്കാനാവും. അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലായി പാതക്ക് ഇരുവശത്തും സംരക്ഷണവേലി നിർമിക്കും. ഇതടക്കം പാതയുടെ 397 കിലോമീറ്റർ ദൂരത്തിൽ ഓരോ അര കിലോമീറ്ററും ഇടവിട്ട് അടിപ്പാതകളും മേൽപ്പാലങ്ങളും സ്‌ഥാപിക്കും.
അതോടെ ആളുകൾക്ക് ഇരുവശത്തേക്കുമുള്ള സഞ്ചാരം എളുപ്പമാകും. സിൽവർലൈൻ പാതയുടെ ഇരുവശവും സംരക്ഷണ വേലി തീർക്കുന്നത് കെ റെയിലിന്റെയോ സംസ്‌ഥാന സർക്കാരിന്റെയോ മാത്രം തീരുമാനമല്ല. 140 കിലോമീറ്ററിലേറെ വേഗതയിൽ തീവണ്ടികൾ ഓടുന്ന പാതകൾക്ക് ഇരുപുറത്തും ഇത്തരം വേലികൾ സ്‌ഥാപിക്കണമെന്നാണ് നിയമം.
ഡെൽഹി-ആഗ്ര സെക്ഷനിൽ റെയിൽ പാതക്ക് ഇപ്പോൾ തന്നെ സംരക്ഷണ വേലിയുണ്ട്. ഡെൽഹി-വാരണാസി, ഡെൽഹി-ഹൌറ സെക്ഷനുകളിൽ സംരക്ഷണ വേലിയുടെ നിർമാണം പുരോഗമിച്ചു വരികയാണ്. അതിനാൽ സിൽവർ ലൈൻ കേരളത്തെ വിഭജിക്കില്ലെന്ന് മാത്രമല്ല, കൂടുതൽ കരുത്തേറ്റ കേരളമെന്ന സ്വപ്‌നം യഥാർഥ്യമാക്കുകയും ചെയ്യുമെന്ന് കെ റെയിൽ വിശദീകരിച്ചു.
Most Read: മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം പിതാവും കൂടെ ചാടി; രണ്ടു മരണം