തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ രണ്ട് ഞായറാഴ്‌ചകളിൽ നടപ്പിലാക്കിയ ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ ഇന്നും തുടരും. അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടിയുണ്ടാകും. അവശ്യസര്‍വീസുകളായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്‌ഥാന സ്വയംഭരണ, പൊതുമേഖലാ സ്‌ഥാപനങ്ങള്‍ എന്നിവ വകുപ്പ് തലവൻമാർ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. മൽസര പരീക്ഷകള്‍ക്ക് അഡ്‌മിറ്റ് കാര്‍ഡുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍, ഹാള്‍ടിക്കറ്റ് എന്നിവ ഉപയോഗിച്ച് ഉദ്യോഗാർഥികള്‍ക്കും പരീക്ഷാ ഉദ്യോഗസ്‌ഥര്‍ക്കും യാത്ര അനുവദിക്കും.
അടിയന്തരമായി പ്രവര്‍ത്തിക്കേണ്ട കമ്പനികള്‍, വ്യവസായ സ്‌ഥാപനങ്ങള്‍, മറ്റ് സ്‌ഥാപനങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്‌സിനേഷനുമായി ബന്ധപ്പെട്ട വ്യക്‌തികള്‍ എന്നിവര്‍ക്ക് മതിയായ രേഖകളോടെ യാത്രയാകാം.
ദീര്‍ഘദൂര ബസ് യാത്രകള്‍-ട്രെയിന്‍-വിമാന സര്‍വീസുകള്‍ എന്നിവ അനുവദിച്ചിട്ടുള്ള സാഹചര്യത്തില്‍ ബസ് ടെര്‍മിനലുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് മതിയായ രേഖകളുമായി യാത്ര ചെയ്യാം. പഴം, പച്ചക്കറി, പാല്‍, മൽസ്യ-മാംസങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം.
റെസ്‌റ്റോറന്റുകളും ബേക്കറികളും രാവിലെ 7 മുതല്‍ രാത്രി 9 വരെ പാഴ്‌സല്‍ സംവിധാനത്തിനും ഹോം ഡെലിവറിക്കും മാത്രമായി തുറക്കാം. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചുകൊണ്ടും 20 പേരായി പരിമിതപ്പെടുത്തിക്കൊണ്ടും വിവാഹ, മരണാനന്തര ചടങ്ങുകള്‍ അനുവദിക്കും. മുന്‍കൂര്‍ ബുക്ക് ചെയ്‌ത വൗച്ചറുകള്‍ സഹിതം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാവുന്നതും ഹോട്ടല്‍, റിസോര്‍ട്ട് എന്നിവിടങ്ങളില്‍ താമസിക്കാവുന്നതുമാണ്.
സിഎന്‍ജി, ഐഎന്‍ജി, എല്‍പിജി എന്നിവയുടെ വിതരണം അനുവദിക്കും. ഡിസ്‌പെന്‍സറികള്‍, മെഡിക്കല്‍ സ്‌റ്റോറുകൾ, നഴ്‌സിംഗ് ഹോമുകള്‍, ആംബുലന്‍സുകള്‍ അനുബന്ധ സേവനങ്ങള്‍, ജീവനക്കാരുടെ യാത്രകള്‍ എന്നിവ അനുവദിക്കും.
അതേസമയം സംസ്‌ഥാനത്തെ കോവിഡ് വ്യാപനം കുറയുന്നുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കേസുകളിൽ കുറവ് വരുന്നതനുസരിച്ച് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കൊണ്ടു വരാം എന്നാണ് സർക്കാരിന്റെ നിലപാട്. അതിനാൽ അടുത്ത ആഴ്‌ചയോടെ വിപുലമായ ഇളവുകൾ വന്നേക്കും.
Most Read: ബാലചന്ദ്രകുമാറിനെ പ്രതിയാക്കി പീഡന പരാതി; പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു