തിരുവനന്തപുരം: ലോകായുക്‌ത ഓർഡിനൻസിനെതിരെ തുറന്നടിച്ച് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഓർഡിനൻസ് ഇറക്കാൻ സർക്കാർ നിരത്തിയ വാദങ്ങൾ അദ്ദേഹം തള്ളി. ലോകായുക്‌ത നിയമത്തിനെതിരായ ഹൈക്കോടതി പരാമർശം വർഷങ്ങൾക്ക് മുൻപ് നടന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
22 വർഷം മുൻപില്ലാത്ത നിയമ പ്രശ്‌നം ഇപ്പോൾ എങ്ങിനെ വന്നുവെന്നതിൽ ജനം സംശയം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ലോകായുക്‌ത നിയമത്തിന്റെ ചിറകരിയുന്നതിനോട് തങ്ങൾക്ക് യോജിപ്പില്ല. ജലീലിനെ നിയന്ത്രിക്കേണ്ട ബാധ്യത സിപിഎമ്മിനാണെന്നും ഇദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഓർഡിനൻസിലൂടെ പ്രതിപക്ഷത്തിന് സർക്കാർ വടി നൽകിയിരിക്കുകയാണ്. പ്രതിപക്ഷം പറയുന്നത് ജനങ്ങൾ വിശ്വസിക്കുന്ന നിലയുണ്ടായി. അഴിമതിക്കെതിരെ ഇടത് പാർട്ടികൾ സ്വീകരിച്ച നിലപാട് ഓർഡിനൻസിലൂടെ നമ്മെ തുറിച്ചുനോക്കുകയാണ്.
ഓർഡിനൻസിന്റെ കാര്യത്തിൽ പാർട്ടി മന്ത്രിമാർക്ക് ജാഗ്രതക്കുറവുണ്ടായി. ഗവർണർ ഓർഡിനൻസ് തിരിച്ചയച്ചാൽ പാർട്ടി ആലോചിച്ച് തുടർനിലപാട് സ്വീകരിക്കുമെന്നും കാനം പറഞ്ഞു.
Read Also: രാജ്യത്തെ കോവിഡ് മരണ സംഖ്യ 5 ലക്ഷം കടന്നു