മുംബൈ: മുൻ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അനിൽ ദേശ്‌മുഖിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി ഇഡി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ച് തവണ സമൻസ് അയച്ചിട്ടും ദേശ്‌മുഖ് ചോദ്യംചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് പുതിയ നീക്കം. സാധാരണ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയതിനു ശേഷം പ്രതികൾ രാജ്യം വിടാതിരിക്കാനാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്.
ആഭ്യന്തര മന്ത്രിയായിരിക്കെ മുംബൈയിലെ ബാറുകളിൽ നിന്ന് പണം കോഴയായി സ്വീകരിച്ചുവെന്നും, കള്ളപ്പണം വെളുപ്പിച്ചുവെന്നുമാണ് ദേശ്‌മുഖിനെതിരെ ഉയർന്ന പ്രധാന ആരോപണങ്ങൾ. ദേശ്‌മുഖിന്റെ നിർദ്ദേശ പ്രകാരം മുംബൈ പോലീസിലെ മുൻ ഓഫിസറായിരുന്ന സച്ചിൻ വാസെ ബാറുകളിൽ നിന്ന് 4.7 കോടി രൂപയോളം പിരിച്ചെടുത്തതായി മൊഴി ലഭിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അനിൽ ദേശ്‌മുഖ് മന്ത്രിസ്‌ഥാനം രാജിവച്ചത്. ബോംബെ ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് സിബിഐ ആന്വേഷണം ആരംഭിച്ച കേസ് കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയതോടെ ഇഡി ഏറ്റെടുക്കുകയായിരുന്നു. കേസിൽ ദേശ്‌മുഖിന്റെ രണ്ടു പ്രൈവറ്റ് സെക്രട്ടറിമാരെ ഇഡി അറസ്‌റ്റ് ചെയ്യുകയും നാലേകാൽ കോടി രൂപയുടെ സ്വത്തുവകകളും കണ്ടുകെട്ടുകയും ചെയ്‌തിട്ടുണ്ട്.
Read also: അഫ്ഗാനിലെ സർക്കാർ രൂപീകരണം; മുല്ല അബ്‌ദുൾ ഗനി ബറാദറിന് വെടിയേറ്റതായി വിവരം