മധു കൊലക്കേസ്; അന്തിമ വാദം കേൾക്കൽ ഇന്ന് മുതൽ- പ്രതീക്ഷയോടെ കുടുംബം

കേസിൽ 16 പ്രതികളാണ് ഉള്ളത്. പ്രോസിക്യൂഷൻ ഇതുവരെ 101 സാക്ഷികളെ വിസ്‌തരിച്ചു. എട്ടുപേരെ പ്രതിഭാഗവും വിസ്‌തരിച്ചു. രഹസ്യമൊഴി നൽകിയവർ അടക്കം 24 സാക്ഷികൾ കോടതിയിൽ കൂറുമാറി.

By Trainee Reporter, Malabar News
Attappadi Madhu murder case
Ajwa Travels

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ അന്തിമ വാദം മണ്ണാർക്കാട് കോടതിയിൽ ഇന്ന് മുതൽ ആരംഭിക്കും. പ്രോസിക്യൂഷൻ സാക്ഷി വിസ്‌താരവും പ്രതിഭാഗം സാക്ഷി വിസ്‌താരവും പൂർത്തിയായിരുന്നു. വിധി പ്രസ്‌താവം അടുത്ത മാസം ഉണ്ടാകാനാണ് സാധ്യത. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുന്നത്.

സംഭവം നടന്ന് നാലു വര്‍ഷത്തിന് ശേഷമായിരുന്നു വിചാരണ ആരംഭിച്ചത്. മൂന്ന് പ്രോസിക്യൂട്ടർമാർ പിൻമാറിയതാണ് കേസിൽ വിചാരണ വൈകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കൂറ് മാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിക്കൽ അടക്കമുള്ള അസാധാരണ നടപടികൾ ഏറെയുണ്ടായ കേസ് കൂടിയാണിത്. കേസിൽ 16 പ്രതികളാണ് ഉള്ളത്. പ്രോസിക്യൂഷൻ ഇതുവരെ 101 സാക്ഷികളെ വിസ്‌തരിച്ചു. എട്ടുപേരെ പ്രതിഭാഗവും വിസ്‌തരിച്ചു.

രഹസ്യമൊഴി നൽകിയവർ അടക്കം 24 സാക്ഷികൾ കോടതിയിൽ കൂറുമാറി. കേസിൽ അന്തിമവാദം തുടങ്ങുമ്പോൾ കൂറുമാറിയ സാക്ഷികൾക്ക് എതിരെ എടുക്കുന്ന നടപടി, കൂറുമാറ്റത്തിന് ഇടനിലക്കാർ ആയവർക്കെതിരായ പ്രോസിക്യൂഷൻ നിലപാട് എന്നിവയെല്ലാം കോടതിൽ നിർണായകമാണ്. മധു കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിന്റെ ക്രൂരമർദ്ദനം മൂലമെന്ന് മജിസ്‌റ്റീരിയൽ റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു.

മധുവിന്റെ മരണത്തിന് മറ്റു കാരണങ്ങൾ ഇല്ലെന്ന് ഒറ്റപ്പാലം സബ് കളക്‌ടറുടെ റിപ്പോർട്ടിലും പറയുന്നു. മധുവിന് നേരെ ആൾക്കൂട്ടം മനുഷ്യത്വരഹിതമായ ആക്രമണമാണ് നടത്തിയതെന്നാണ് നാലു പേജുള്ള റിപ്പോർട്ടിൽ പറയുന്നത്. മധു മരിച്ചത് പോലീസ് കസ്‌റ്റഡിയിൽ ഇരിക്കെ ആണെങ്കിലും അത് കസ്‌റ്റഡി മരണമല്ല. പോലീസ് മർദ്ദിച്ചതിന് യാതൊരു തെളിവുകളും ലക്ഷണങ്ങളുമില്ല. പോലീസ് ജീപ്പിൽ കയറ്റുമ്പോൾ മധു അവശനിലയിൽ ആയിരുന്നു.

ഛർദിച്ചപ്പോൾ അഗളി ആശുപത്രിയിൽ എത്തിച്ചത് മൂന്ന് പോലീസുകാരാണ്. മധുവിനെ മർദ്ദിച്ചത് ആൾക്കൂട്ടം ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെ റിപ്പോർട്ട് തയ്യാറാക്കിയ മണ്ണാർക്കാട് ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മുൻ മജിസ്‌ട്രേറ്റിനെ ഉൾപ്പടെ സാക്ഷിപ്പട്ടികയിൽ ചേർത്തിരുന്നു. ഈ മജിസ്‌റ്റീരിയൽ അന്വേഷണ റിപ്പോർട്ടിനെ തെളിവ് മൂല്യമായി അവതരിപ്പിച്ച പ്രോസിക്യൂഷന് ഏറെ കയ്യടിയും ലഭിച്ചിരുന്നു.

മധു കൊല്ലപ്പെട്ടിട്ട് നാളേക്ക് അഞ്ചു വർഷം തികയുകയാണ്. ഈ വേളയിലാണ് കേസിന്റെ അന്തിമ വാദം തുടങ്ങുന്നത്. മധുവിന്റെ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയിട്ടും പിൻമാറാതെയുള്ള നിയമപോരാട്ടം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ അഞ്ചാം ആണ്ടിൽ നീതി ലഭിക്കുന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം. മധുവിനും കുടുംബത്തിനും പരമാവധി നീതി വാങ്ങികൊടുക്കുകയെന്ന ഉറച്ച തീരുമാനത്തിലാണ് പ്രോസിക്യൂഷൻ.

Most Read: ‘ഭക്ഷ്യസുരക്ഷാ വകുപ്പിൽ അഴിമതി അനുവദിക്കില്ല’; കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE