മുംബൈ: സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കവേ മഹാരാഷ്‌ട്രയിൽ നാടകീയ നീക്കം. സർക്കാർ രൂപീകരണത്തിനായി മുംബൈയിൽ ചേരാനിരുന്ന മഹായുതി സഖ്യത്തിന്റെ യോഗം റദ്ദാക്കി. സ്‌ഥാനം ഒഴിയുന്ന മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയുടെ യോഗവും അവസാന നിമിഷം ഉപേക്ഷിച്ചു.
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് നാടകീയ സംഭവങ്ങൾ. ഏക്‌നാഥ് ഷിൻഡെ സത്താറിലെ തന്റെ ഗ്രാമത്തിലേക്ക് പോയെന്നും അദ്ദേഹം തിരിച്ചെത്തിയതിന് ശേഷം യോഗങ്ങൾ നടക്കുമെന്നുമാണ് വിവരം. ഷിൻഡെയുടെ പെട്ടെന്നുള്ള മാറി നിക്കൽ സർക്കാർ രൂപീകരണ ചർച്ചകളിൽ അദ്ദേഹം അസംതൃപ്‌തനാണെന്ന ഊഹാപോഹങ്ങൾക്ക് കാരണമായിട്ടുണ്ട്.
മഹാരാഷ്‌ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിലെ നേതാക്കളായ ദേവേന്ദ്ര ഫഡ്‌നാവിസ്, ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ ഇന്നലെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സംസ്‌ഥാനത്ത് സർക്കാർ രൂപീകരണത്തിന് താൻ തടസമാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും എടുക്കുന്ന തീരുമാനത്തിന് അനുസൃതമായി പ്രവർത്തിക്കുമെന്നും ഷിൻഡെ ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം, മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്‌ഥാനങ്ങളിൽ ധാരണയായതായി രാഷ്‌ട്രീയ വൃത്തങ്ങൾ പറയുന്നു. എന്നാൽ, ചില മന്ത്രി സ്‌ഥാനങ്ങളുടെ കാര്യങ്ങളിലാണ് പ്രതിസന്ധി തുടരുന്നത്. രണ്ട് ഉപമുഖ്യമന്ത്രി എന്ന ഫോർമുല ഇത്തവണയും തുടരാനാണ് തീരുമാനം. എന്നാൽ, ഷിൻഡെക്ക് ഉപമുഖ്യമന്ത്രി സ്‌ഥാനത്തേക്ക് താൽപര്യമില്ല.
ആഭ്യന്തര വകുപ്പ് ബിജെപി നിലനിർത്താനും അജിത് പവാറിന്റെ എൻസിപി ധനകാര്യം നിലനിർത്താനും സാധ്യതയുണ്ട്. നഗരവികസനം, പൊതുമരാമത്ത് വകുപ്പുകൾ ഷിൻഡെയുടെ ശിവസേനക്ക് ലഭിച്ചേക്കും. മഹാരാഷ്‌ട്രയിൽ ഇന്ത്യാ സഖ്യത്തെ കടപുഴക്കിയാണ് എൻഡിഎ വിജയിച്ചത്. ബിജെപിയും ശിവസേന ഷിൻഡെ പക്ഷവും എൻസിപി അജിത് പക്ഷവും ഉൾപ്പെടുന്ന മഹായുതി 288ൽ 234 സീറ്റുമായാണ് ഭരണം നിലനിർത്തിയത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!