കൊച്ചി: ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പിആർ ശ്രീജേഷിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി. വ്യാഴാഴ്‌ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്.
പതിറ്റാണ്ടുകൾക്കു ശേഷം ഒളിമ്പിക്‌സ് മെഡൽ കേരളത്തിലെത്തിച്ച ശ്രീജേഷിന് ഹൃദയത്തിൽ തൊട്ട വാക്കുകളിലുള്ള പ്രശംസയായിരുന്നു മമ്മൂട്ടിയുടെ ആദ്യ സമ്മാനം. ഒളിമ്പിക്‌സ് മെഡൽ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു. മമ്മൂട്ടിയുടെ കൈയിൽ നിന്നും ബൊക്കെ സ്വീകരിക്കവെയുള്ള ശ്രീജേഷിന്റെ പ്രതികരണം എല്ലാവരിലും ചിരി പടർത്തി. ഒളിമ്പിക്‌സിൽ മെഡൽ വാങ്ങിച്ചപ്പോൾ പോലും ഇത്രയും കൈ വിറച്ചിട്ടില്ലെന്നായിരുന്നു ശ്രീജേഷ് പറഞ്ഞത്.
ശ്രീജേഷിന്റെ കുടുംബാംഗങ്ങൾ മമ്മൂട്ടിയെന്ന അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു. നിർമാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, ജോർജ് എന്നിവരും നടനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ രംഗത്ത് വന്നിരുന്നു. രണ്ട് കോടി രൂപക്കൊപ്പം ശ്രീജേഷിന് ജോലിയിൽ സ്‌ഥാനക്കയറ്റവും നൽകാനാണ് മന്ത്രിസഭയുടെ തീരുമാനം. നിലവിൽ വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്‌ടറായ ശ്രീജേഷിന് ജോയിന്റ് ഡയറക്‌ടറായാണ് സ്‌ഥാനക്കയറ്റം നൽകുക.
Read Also: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല; ആരോഗ്യമന്ത്രി