കാസർഗോഡ്: മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ലെന്ന് ഇടതു സ്‌ഥാനാർഥി വിവി രമേശൻ. മുല്ലപ്പള്ളിയുടേത് മാനസികനില തെറ്റിയുള്ള പ്രതികരണമാണ്. ബലവാനാണോ ദുർബലനാണോ എന്ന് ജനങ്ങൾ വിധിയെഴുതും എന്നും വിവി രമേശൻ പറഞ്ഞു.
യുഡിഎഫിന് വോട്ട് ചെയ്‍തിട്ട് കാര്യമില്ല. വികസനത്തിനും ബിജെപി വളർച്ച തടയാനും എൽഡിഎഫിന് വോട്ട് ചെയ്യണം. യുഡിഎഫ് വോട്ടുൾപ്പെടെ ഇത്തവണ എൽഡിഎഫിന് ലഭിക്കുമെന്നും വിവി രമേശൻ പറഞ്ഞു. മഞ്ചേശ്വരത്ത് സിപിഐഎം യുഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടത്.
‘ബിജെപിയെ തോൽപ്പിക്കാൻ സിപിഐഎം ഇനി യുഡിഎഫിന് വോട്ട് ചെയ്യണം. മഞ്ചേശ്വരത്തെ എൽഡിഎഫ് വോട്ടർമാർ യുഡിഎഫ് സ്‌ഥാനാർഥിയെ പിന്തുണക്കണം. മഞ്ചേശ്വരത്തെ എൽഡിഎഫ് സ്‌ഥാനാർഥി ദുർബലനാണ്’- എന്നിങ്ങനെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്‌താവന.
അതേസമയം മുല്ലപ്പള്ളിയെ എതിർത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തെത്തിയിരുന്നു. യുഡിഎഫിന് ഒരു മണ്ഡലത്തിലും ആരുമായും നീക്കുപോക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Also Read: മുഖ്യമന്ത്രിയുടെ പ്രസംഗം അടർത്തി ചിലർ വർഗീയ പ്രചരണത്തിന് ശ്രമിക്കുന്നു; എംവി ജയരാജൻ