തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്‌റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോ നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് കൊച്ചി കമ്മീഷണർ കെ സേതുരാമൻ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി നേതൃത്വം നൽകുമെന്നും കമ്മീഷണർ അറിയിച്ചു.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും വിഷയം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പിഎം ആർഷോ ഡിജിപിക്ക് പരാതി നൽകിയത്. പരാതി ഡിജിപി കൊച്ചി കമ്മീഷണർക്ക് കൈമാറിയിരുന്നു. അന്വേഷിച്ചു തുടർനടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചാണ് കൊച്ചി കമ്മീഷണർക്ക് ഡിജിപി പരാതി കൈമാറിയത്.
മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇൻ ആർക്കിയോളജി ആൻഡ് മെറ്റേറിയൽ കൾച്ചറൽ സ്‌റ്റഡീസിന്റെ മൂന്നാം സെമസ്‌റ്റർ പരീക്ഷയുടെ മാർക്ക് ലിസ്‌റ്റിൽ ഒരു വിഷയത്തിന് ആർഷോക്ക് മാർക്കോ ഗ്രേഡോ ഇല്ലായിരുന്നു. എന്നാൽ, മാർക്ക് ലിസ്‌റ്റിൽ പാസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. മാർച്ച് 23ന് പ്രസിദ്ധീകരിച്ച ഫലമാണ് വിവാദമായത്. എന്നാൽ, മാർക്ക് ലിസ്‌റ്റ് തയ്യാറാകുന്ന നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ സോഫ്റ്റ്‌വെയറിൽ പിഴവ് മൂലമാണ് ഇത് സംഭവിച്ചതെന്നാണ് കോളേജ് വിശദീകരിച്ചത്.
അതേസമയം, എറണാകുളം ജില്ലയിൽ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്‌ഥ നിലനിൽക്കുന്നതിനാൽ മൂന്നാം സെമസ്‌റ്ററിലെ ഒരു പരീക്ഷയും താൻ എഴുതിയിട്ടില്ലെന്നാണ് ആർഷോ പറയുന്നത്. 2020 അഡ്‌മിഷനിലുള്ള തന്നെ 2021ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചുവെന്നും, കോളേജ് പ്രിൻസിപ്പൽ പലവട്ടം വാക്ക് മാറ്റിപ്പറയുന്നുവെന്നും ആർഷോ വ്യക്‌തമാക്കിയിരുന്നു. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ വീഴ്‌ചകൾ പരിശോധിക്കണമെന്നും, വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനടക്കം പരാതി നൽകുമെന്നും ആർഷോ പറഞ്ഞിരുന്നു.
അതിനിടെ, വ്യാജരേഖ ചമച്ചെന്ന കേസിൽ കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച ആരോപണത്തിൽ അന്വേഷണത്തിന് കാലടി സർവകലാശാല വിസി നിർദ്ദേശം നൽകി. സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചോയെന്ന് പരിശോധിക്കണം. അന്വേഷണത്തിന് സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തുമെന്നും സർക്കാർ വ്യക്‌തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിസിയുടെ നടപടി. സംവരണത്തിന് അർഹതയുള്ള അപേക്ഷകരെ ഒഴിവാക്കിയാണോ വിദ്യക്ക് പ്രവേശനം നൽകിയത് എന്നതാകും പ്രധാനമായും അന്വേഷിക്കുക.
Most Read: ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യാ കുറിപ്പിൽ ദുരൂഹത; വ്യാജമെന്ന് കുടുംബം