കോട്ടയം: അമൽജ്യോതി എൻജിനിയറിങ് കോളേജിലെ ബിരുദ വിദ്യാർഥി ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യാ കുറിപ്പിൽ ദുരൂഹത. സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിവൈഎസ്‌പി ടിഎം വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ കോളേജിലെത്തി ഹോസ്‌റ്റൽ മുറിയിലും ലാബിലും പരിശോധന നടത്തി. ശ്രദ്ധ സഹപാഠിക്കെഴുതിയ കുറിപ്പ് ഹോസ്‌റ്റൽ മുറിയിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
‘നിന്നോട് വാങ്ങിയ പാന്റ്സ് ഞാൻ കട്ടിലിൽ വെച്ചിട്ടുണ്ട്. ഞാൻ പോവുകയാണ്’ എന്ന് മാത്രമാണ് കുറിപ്പിൽ ഉണ്ടായിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് അറിയിച്ചു. എന്നാൽ, ശ്രദ്ധ എഴുതിയ കുറിപ്പ് വ്യാജമാണെന്ന് കുടുംബം ആരോപിക്കുന്നു. സുഹൃത്തുകൾക്ക് സ്‌നാപ് ചാറ്റിൽ 2022 ഒക്‌ടോബറിൽ അയച്ച മെസേജ് സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നും കുടുംബം ആരോപിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും പിതാവ് പിപി സതീശൻ പറഞ്ഞു.
ആത്‍മഹത്യക്ക് ശ്രമിച്ച ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ച ശേഷം പോലീസ് എത്തും മുമ്പ് ശ്രദ്ധയുടെ മുറിയിൽ കോളേജ് അധികൃതർ പരിശോധന നടത്തിയിരുന്നു എന്ന സംശയം വിദ്യാർഥികൾ പങ്കുവെക്കുന്നുണ്ട്. ശ്രദ്ധ മരിച്ചതിന്റെ പിറ്റേന്ന് മാത്രമാണ് പോലീസും ഫോറൻസിക് സംഘവും ആത്‍മഹത്യ നടന്ന മുറിയിലെത്തി തെളിവുകൾ ശേഖരിച്ചതെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. പോലീസെത്തുംവരെ ആത്‍മഹത്യ നടന്ന മുറിയുടെ താക്കോൽ കോളേജ് അധികൃതർ തന്നെ സൂക്ഷിച്ചതിലടക്കം സംശയങ്ങൾ ഉണ്ടെന്ന് വിദ്യാർഥികൾ പറയുന്നു.
അതേസമയം, ക്രൈസ്‌തവർക്കും പൊതുസമൂഹത്തിനും നേർക്കുള്ള സംഘടിത ഭീകരതക്കെതിരെ താക്കീത് എന്ന മുദ്രാവാക്യവുമായി കത്തോലിക്കാ കോൺഗ്രസിന്റെയും യുവദീപ്‌തിയുടേയും നേതൃത്വത്തിൽ ഇന്ന് വൈകിട്ട് കാഞ്ഞിരപ്പള്ളിയിൽ ഐക്യദാർഢ്യ റാലി നടക്കും. അമൽജ്യോതി സമരത്തിന്റെ പശ്‌ചാത്തലത്തിലാണ് കാഞ്ഞിരപ്പള്ളി രൂപതയുമായി ബന്ധപ്പെട്ട സംഘടനകളുടെ പരസ്യ പ്രതിഷേധം.
Most Read: കാലവർഷം കനക്കുന്നു; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്- മലങ്കര ഡാം തുറന്നേക്കും