ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നടത്തിവരുന്ന സമരം താൽക്കാലികമായി പിൻവലിച്ചു ഗുസ്‌തി താരങ്ങൾ. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി ഗുസ്‌തി താരങ്ങൾ നടത്തിയ കൂടിക്കാഴ്‌ചക്ക് പിന്നാലെയാണ് തീരുമാനം. ബ്രിജ് ഭൂഷണിന്റെ അറസ്‌റ്റിൽ ഉടനടി തീരുമാനം വേണമെന്നാണ് മന്ത്രിയുമായുള്ള ചർച്ചയിൽ താരങ്ങൾ നിലപാടെടുത്തത്.
ഈ മാസം 15നകം പ്രശ്‌നങ്ങൾ തീർക്കുമെന്ന് ചർച്ചയിൽ മന്ത്രി ഉറപ്പ് നൽകുകയായിരുന്നു. ഇതോടേയാണ് സമരം താൽക്കാലികമായി നിർത്തിയത്. ബ്രിജ് ഭൂഷണിനെതിരെ ഗുസ്‌തി താരങ്ങളുടെ പരാതിയിൽ ഈ മാസം 15നകം കുറ്റപത്രം നൽകുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. ഈ മാസം 30നുള്ളിൽ ഫെഡറേഷൻ തിരഞ്ഞെടുപ്പ് പൂർത്തിയാക്കും. താരങ്ങൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാമെന്നും കേന്ദ്ര സർക്കാർ ഉറപ്പ് നൽകി.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടന ദിവസമെടുത്ത കേസുകളാണ് പിൻവലിക്കുന്നത്. ശനിയാഴ്‌ച ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗുസ്‌തി താരങ്ങൾ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കൂടിക്കാഴ്‌ചക്ക് പിന്നാലെ കഴിഞ്ഞ ദിവസം ഗുസ്‌തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവർ തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ അടക്കം സമരം ചർച്ചയായതിന് പിന്നാലെയാണ് കേന്ദ്രം വീണ്ടും ഒത്തുതീർപ്പ് ശ്രമം തുടർന്നത്.
Most Read: ‘ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും’; സമരം പിൻവലിച്ചു