തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവർഷം കനക്കുന്നു. ഇന്നും വ്യാപക മഴക്കാണ് സാധ്യത. ഇന്ന് എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ ലഭിക്കും.
മോശം കാലാവസ്‌ഥക്കും ശക്‌തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കുണ്ട്. ഈ മണിക്കൂറുകളിൽ കാലവർഷം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും. ഇന്നലെയാണ് കാലവർഷം കേരളത്തിൽ എത്തിയതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചത്.
അതേസമയം, ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഭാഗമായി ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. മഴ കനത്താൽ ആറ് ഷട്ടറുകൾ ഒരുമീറ്റർ വരെ ഉയർത്തി സെക്കൻഡിൽ 234 ക്യുമെക്‌സ് വെള്ളം പുറത്തേക്കൊഴുക്കാനാണ് തീരുമാനം. 39.62 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 42 മീറ്ററാണ് പരമാവധി സംഭരണശേഷി. തൊടുപുഴ, മുവാറ്റുപുഴ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി.
Most Read: സംസ്‌ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം