മുംബൈ: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത മഹാരാഷ്‍ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെ ഈ മാസം ആറ് വരെ ഇഡി കസ്‌റ്റഡിയിൽ വിട്ടുകൊണ്ട് മുംബൈ കോടതി ഉത്തരവിട്ടു. ചൊവ്വാഴ്‌ച പുലർച്ചെയാണ് മുൻമന്ത്രിയെ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് സൗത്ത് മുംബൈയിലെ സർ ജെജെ ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനക്ക് ശേഷമാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്.
ഇഡിക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് 14 ദിവസത്തേക്ക് കസ്‌റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടാണ് നടന്നതെന്നും സത്യം പൂർണമായും കണ്ടെത്താൻ കൂടുതൽ സമയം കസ്‌റ്റഡിയിൽ ആവശ്യമാണെന്നും കേസിൽ വിദേശ ബന്ധം തള്ളിക്കളയാനാകില്ലെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ വാദിച്ചു.
സിബിഐ പ്രാഥമികാന്വേഷണം നടത്തി ഏപ്രിൽ 21ന് റിപ്പോർട് സമർപ്പിച്ച കേസ് പിന്നീട് ഇഡി ഏറ്റെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവുന്നതിനെതിരെ ഹരജി സമർപ്പിക്കുകയും കോടതി അത് തള്ളുകയും ചെയ്‌തതിന് പിന്നാലെയാണ് ദേശ്‌മുഖ് ഇഡിക്ക് മുന്നിൽ ഹാജരായത്. അധികാരത്തിൽ ഇരിക്കെ പോലീസുകാരെ ഉപയോഗിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തി അവരില്‍ നിന്നും എല്ലാ മാസവും നൂറ് കോടി പിരിക്കാന്‍ ശ്രമിച്ചെന്ന മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ദേശ്‌മുഖ് കുടുങ്ങിയത്.
മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അയച്ച കത്തിലാണ് പരംബീര്‍ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും, തന്നെ അപകീര്‍ത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ആരോപിച്ച് ദേശ്‌മുഖ് മാനനഷ്‌ട കേസ് ഫയല്‍ ചെയ്‌തിരുന്നു. എന്നാൽ മന്ത്രിയുടെ വിശദീകരണം തൃപ്‌തികരമായിരുന്നില്ല. തുടർന്ന് ദേശ്‌മുഖിന് മന്ത്രി സ്‌ഥാനം നഷ്‌ടമാവുകയും ചെയ്‌തു.
Read also: ഹേബിയസ് കോർപസ് ഹരജി അനുപമ പിൻവലിച്ചു