തകര്‍ന്നടിഞ്ഞ് ഡല്‍ഹി ബാറ്റിങ്; മുംബൈക്ക് 9 വിക്കറ്റ് ജയം

By Sports Desk , Malabar News

ദുബായ്: മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ 9 വിക്കറ്റിന് തകര്‍ത്തു. വിജയ ലക്ഷ്യമായ 111 റണ്‍സ് മുംബൈ വെറും 14.2 ഓവറില്‍ നേടി. ഇഷാന്‍ കിഷന്‍ (47 പന്തില്‍ 72), സൂര്യകുമാര്‍ യാദവ് (12) എന്നിവര്‍ പുറത്താകാതെ നിന്നു. മുംബൈ പേസര്‍മാരായ ട്രെന്‍ഡ് ബോള്‍ട്ട്, ജസ്‌പ്രീത് ബുംറെ എന്നിവര്‍ക്ക് മുമ്പില്‍ ഡല്‍ഹി ബാറ്റിങ് തകര്‍ന്നടിയുക ആയിരുന്നു. ഡല്‍ഹി നിശ്‌ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 110 റണ്‍സ് ആണ് നേടിയത്. ഇതോടെ 13 കളികളില്‍ മുംബൈക്ക് 9 ജയം ആയി.

ടോസ് നേടി ഡല്‍ഹിയെ ബാറ്റിങ്ങിന് അയച്ച തീരുമാനം ശരി വെക്കുന്ന പ്രകടനത്തോടെ മുംബൈ ബൗളര്‍മാര്‍ ഡല്‍ഹി ബാറ്റിങ് മുന്‍ നിരയുടെ നടുവൊടിച്ചു. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ (0) പുറത്തായി. ട്രെന്‍ഡ് ബോള്‍ട്ടിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവ് പിടിച്ചാണ് ധവാന്‍ പുറത്തായത്. അജങ്ക രഹാനയ്ക്ക് പകരം വീണ്ടും ഓപ്പണറായി എത്തിയ പ്രിഥ്വി ഷായും നിരാശപ്പെടുത്തി. ബോള്‍ട്ട് തന്നെ പ്രിഥ്വിയെ (10) കീപ്പര്‍ ക്വന്റണ്‍ ഡി കോക്കിന്റെ കൈകളില്‍ എത്തിച്ചു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും റിഷഭ് പന്തും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും അത് ഡല്‍ഹിയെ രക്ഷിക്കാന്‍ പോന്ന പ്രകടനമായിരുന്നില്ല.

പന്തിനെ (21) വിക്കറ്റിന് മുന്നില്‍ കുടുക്കി ജസ്പ്രീത് ബുംറ അടുത്ത പ്രഹരം ഏല്‍പിച്ചു. നിലയുറപ്പിച്ച് കളിക്കുകയായിരുന്ന അയ്യരെ (25) രാഹുല്‍ ചഹാറിന്റെ പന്തില്‍ ക്വിന്റണ്‍ ഡി കോക്ക് മികച്ചൊരു സ്‌റ്റംപിങ്ങിലൂടെ പുറത്താക്കി. മധ്യ ഓവറുകളില്‍ കൂറ്റനടിക്ക് ശേഷിയുള്ള സ്‌റ്റോണിസ് (2) വന്നതു പോലെ മടങ്ങി. ബുംറ സ്‌റ്റോണിസിനെ ഡി കോക്കിന്റെ കൈകളില്‍ എത്തിക്കുക ആയിരുന്നു. എസ് ഹെറ്റ്മീര്‍ (11), ഹര്‍ഷല്‍ പട്ടേല്‍ (5), ആര്‍ അശ്വിന്‍ (12) എന്നിവര്‍ നിലയുറപ്പിക്കാതെ മടങ്ങി. പുറത്താകാതെ നിന്ന ഡൂബെ (7), റബാദ (12) എന്നിവര്‍ ചേര്‍ന്നാണ് ഡല്‍ഹിയെ 100 കടത്തിയത്. ബൗള്‍ട്ട്, ബുംറ എന്നിവര്‍ മുംബൈക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് ഇഷാന്‍ കിഷനും ക്വിന്റണ്‍ ഡി കോക്കും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ചെറിയ വിജയ ലക്ഷ്യമായതിനാല്‍ ശ്രദ്ധയോടെ കളിച്ച ഓപ്പണിങ് കൂട്ടുകെട്ട് 68 റണ്‍സ് നേടിയ ശേഷമാണ് ഡി കോക്കിന്റെ രൂപത്തില്‍ ആദ്യ വിക്കറ്റ് നഷ്‌ടമായത്. നോര്‍ജെയുടെ പന്ത് ബാറ്റില്‍ കൊണ്ട ശേഷം വിക്കറ്റില്‍ തട്ടിയാണ് ഡി കോക്ക് (26) പുറത്താകുന്നത്. ഇതിനിടെ ഒരു സിക്‌സും 8 ഫോറും അടക്കം ഇഷാന്‍ കിഷന്‍ അര്‍ധ ശതകം തികച്ചു. പിന്നീട് വിക്കറ്റ് നഷ്‍ടം കൂടാതെ ഇഷാനും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മുംബൈയെ വിജയത്തില്‍ എത്തിക്കുക ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE