തിരുവനന്തപുരം: പ്രതിഷേധം ശക്‌തമായതോടെ നാട്ടികയിൽ ടോൾ പിരിവ് നിർത്തിവെക്കാൻ മന്ത്രിയുടെ നിർദ്ദേശം. പൊതുമരാമത്ത് മന്ത്രി പികെ ബഷീറാണ് ടോൾ പിരിവ് താൽക്കാലികമായി നിർത്താൻ നിർദ്ദേശം നൽകിയത്. ടോൾ പ്ളാസക്കെതിരെ യുഡിഎഫ് ഇന്ന് രാവിലെ മുതൽ പ്രതിഷേധത്തിലാണ്.
ദേശീയപാത 66ന്റെ നിർമാണം പൂർത്തിയാകുന്നതിന് മുൻപ് ടോൾ ആരംഭിക്കുന്നതിന് എതിരെയാണ് പ്രതിഷേധം. കൊടുങ്ങല്ലൂർ-കപ്രിക്കാട് സ്‌ട്രെച്ചിൽ സർവീസ് റോഡിന്റെയും പാലത്തിന്റെ അപ്രോച്ച് റോഡിന്റെയും പണി പൂർത്തിയായിട്ടില്ല. ഇപ്പോൾ ടോൾ തുടങ്ങിയാൽ ഈ മേഖലയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് കലക്‌ടറുടെയും പോലീസിന്റെയും റിപ്പോർട്ടുണ്ട്.
ഇതിന്റെ അടിസ്‌ഥാനത്തിലാണ് ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ മന്ത്രി പികെ ബഷീർ നിർദ്ദേശം നൽകിയത്. നിർമാണം പൂർത്തിയാക്കാത്ത റോഡിൽ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് രാവിലെ മുതൽ യുഡിഎഫ് പ്രവർത്തകരാണ് സമരം നടത്തിയത്. സമരം പോലീസ് തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
ഇവരെ അറസ്‌റ്റ് ചെയ്യാൻ പോലീസ് ശ്രമിച്ചതോടെ സംഘർഷാവസ്‌ഥയായി. നേതാക്കളെയും പ്രവർത്തകരെയും പോലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌ത് നീക്കി. തുടർന്ന് ടോൾ പിരിവ് തുടങ്ങിയിരുന്നു. വാഹനങ്ങൾ ഫാസ്‌റ്റ് ട്രാക്ക് സംവിധാനം വഴി സ്‌കാൻ ചെയ്‌താണ് ടോൾ ഈടാക്കിയത്.
കോൺഗ്രസ് നേതാക്കളായ ജോസ് വള്ളൂർ, ശോഭ സുബിൻ, ജനപ്രതിനിധികളായ സിഎം നൗഷാദ്, പി വിനു തുടങ്ങിയ നേതാക്കളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവരെ പിന്നീട് പോലീസ് വാഹനത്തിൽ സ്‌റ്റേഷനിലേക്ക് മാറ്റി. സംഭവമറിഞ്ഞ സ്‌ഥലത്തേക്ക് കൂടുതൽ പ്രവർത്തകർ എത്തിയിരുന്നു. സംഘർഷം കണക്കിലെടുത്ത് വൻ പോലീസ് സംഘം സ്‌ഥലത്ത് ക്യാമ്പ് ചെയ്‌തിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ ഇടപെടലുണ്ടായത്.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം





































