വയനാട്: ജില്ലയിൽ നേപ്പാൾ സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റയിലെ എസ്റ്റേറ്റിൽ ജോലി ചെയ്ത് വരികയായിരുന്ന ബിമലയാണ് മരിച്ചത്. എസ്റ്റേറ്റിലെ ഷെഡിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. യുവതിയുടെ തലയിൽ അടിയേറ്റ മുറിവുണ്ടെന്ന് പോലീസ് പറയുന്നു. ഇന്ന് രാവിലെ ആയിരുന്നു സംഭവം.
സംഭവവുമായി ബന്ധപെട്ട് ബിമലയുടെ ഭർത്താവ് സാലിവാൻ ജാഗിരിയെ മേപ്പാടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നേപ്പാൾ സ്വദേശികളായ ഇരുവരും രണ്ട് വർഷമായി വയനാട്ടിലെ വിവിധ എസ്റ്റേറ്റുകളിൽ ജോലി ചെയ്ത് വരികയാണ്. രണ്ട് ദിവസം മുമ്പാണ് മേപ്പാടി കുന്നമ്പറ്റ നിർമല എസ്റ്റേറ്റിൽ ഇവർ കാപ്പി പറിക്കാൻ എത്തിയത്. എസ്റ്റേറ്റിലെ ഷെഡിലായിരുന്നു താമസം.
ഇന്ന് രാവിലെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പുറത്തേക്ക് പോകാൻ നോക്കിയ സാലിവാനെ സംശയം തോന്നിയ നാട്ടുകാർ ഷെഡ് പരിശോധിച്ചപ്പോഴാണ് ബിമല മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന് മേപ്പാടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് സാലിവാനെ ചോദ്യം ചെയ്ത് വരികയാണ്. ബിമലയുടെ നേപ്പാളിലെ ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.
Most Read: നടിയെ ആക്രമിച്ച കേസ്; നിർണായക പോലീസ് യോഗം കൊച്ചിയിൽ