കുവൈത്ത് സിറ്റി: ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡൻസി നിയമ ഭേദഗതി ചെയ്‌ത വ്യവസ്‌ഥകൾ ജനുവരി അഞ്ച് മുതൽ പ്രാബല്യത്തിൽ വരും. റിപ്പോർട് അനുസരിച്ച് നിലവിലുള്ള പിഴ തുകകൾ വർധിപ്പിച്ചിട്ടുണ്ട്. മുൻപ് 600 ദിനാറായി നിജപ്പെടുത്തിയിരുന്ന പിഴ തുക 2000 വരെ ഉയർത്തിയിട്ടുണ്ട്.
തൊഴിൽ വിസ
തൊഴില വിസാ ലംഘനങ്ങൾക്ക് ആദ്യമാസം ദിനംപ്രതി 2 ദിനാർ വെച്ചും പിന്നീട് 4 ദിനാറുമാണ് നൽകേണ്ടത്. പരമാവധി തുക 1200 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
സന്ദർശക വിസകൾ
കുടുംബ, കമ്പനി തുടങ്ങിയ സന്ദർശക വിസകളുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നാൽ പ്രതിദിനം 10 ദിനാറാണ് പിഴ. ഇത് പരമാവധി 2000 വരെ ഏർപ്പെടുത്തിയിട്ടുണ്ട്.
ഗാർഹിക തൊഴിലാളികൾ
താൽക്കാലിക റെസിഡൻസിക്കോ ബന്ധപ്പെട്ട അധികൃതർ നൽകുന്ന ഉത്തരവ് പ്രകാരമുള്ള നോട്ടീസ് ലംഘനങ്ങൾക്കോ പ്രതിദിനം 2 ദിനാർ വരെ പിഴ ഈടാക്കും. പരമാവധി പിഴ 600 ദിനാറായി നിജപ്പെടുത്തിയിട്ടുണ്ട്.
റെസിഡൻസി റദ്ദാക്കലുകൾ
ആർട്ടിക്കിൾ 17,18,20 വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ റെസിഡൻസി റദ്ദാക്കിയ ശേഷമുള്ള ആദ്യ മാസത്തേക്ക് പ്രതിദിനം 2 ദിനാർ. അതിനുശേഷം 4 ദിനാർ വെച്ചാണ് പിഴ ഏർപ്പെടുത്തിയിരിക്കുന്നത്. പരമാവധി പിഴ 1200 ദിനാർ. പിഴ തുക ഉയർത്തുന്നത് വഴി റെസിഡൻസി ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലംഘനങ്ങൾ പരിഹരിക്കുകയുമാണ് അധികൃതരുടെ ലക്ഷ്യം.
നവജാത ശിശുക്കളുടെ രജിസ്‌ട്രേഷൻ
നവജാത ശിശുക്കളെ രജിസ്‌റ്റർ ചെയ്യുന്നതിൽ ആദ്യ നാല് മാസത്തെ ഗ്രേസ് പിരീഡിന് ശേഷം പരാജയപ്പെട്ടാൽ, പിന്നീടുള്ള ആദ്യ മാസത്തേക്ക് 2 ദിനാർ വെച്ച് പിഴ നൽകണം. തുടർന്നുള്ള മാസങ്ങളിൽ 4 ദിനാറാണ് പിഴ തുക. പരമാവധി പിഴ 2000 ദിനാറാണ്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം