മോചനം കാത്ത് നിമിഷ പ്രിയ; ദയാധനമായി ആവശ്യപ്പെടുന്നത് 50 മില്യൺ റിയാൽ

By News Desk, Malabar News
nimisha priya case demands 50 million riyals blood money
നിമിഷ പ്രിയ, തലാൽ
Ajwa Travels

ന്യൂഡെൽഹി: യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ്‌ നിമിഷ പ്രിയയുടെ മോചനത്തിനായി ചർച്ചകൾ തുടരുന്നു. യമനിലെ ഉദ്യോഗസ്‌ഥർ ജയിലിൽ എത്തി നിമിഷ പ്രിയയെ കണ്ടു. കൊല്ലപ്പെട്ട യമൻ പൗരനും നിമിഷ പ്രിയയുടെ ഭർത്താവുമായ തലാല്‍ അബ്‌ദുമഹ്ദിയുടെ കുടുംബം ദയാധനമായി 50 മില്യൺ റിയാലാണ് ആവശ്യപ്പെടുന്നത്.

റിട്ട. ജസ്‌റ്റിസ്‌ കുര്യൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്നതിനിടെയാണ് യമനിലെ ഉദ്യോഗസ്‌ഥർ ജയിലിൽ എത്തി ദയാധനം സംബന്ധിച്ച് നിമിഷ പ്രിയയുമായി ചർച്ച നടത്തിയത്. 50 മില്യൺ റിയാൽ (ഏകദേശം 1,01,70,35,031 രൂപ) നൽകിയാൽ വധശിക്ഷ ഒഴിവാക്കുന്നതും മാപ്പ് നൽകുന്നതുമടക്കമുള്ള കാര്യങ്ങൾ പരിഗണിക്കാമെന്നാണ് തലാലിന്റെ കുടുംബം അറിയിച്ചിരിക്കുന്നത്.

നിമിഷ പ്രിയയുടെ മോചനത്തിനായി സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിൽ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ജസ്‌റ്റിസ്‌ കുര്യൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നയതന്ത്ര തലത്തിൽ ചർച്ചകൾ നടത്തുന്നുണ്ട്. നിമിഷ പ്രിയയുടെ വധശിക്ഷക്കെതിരെ യമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള നിയമസഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഡെൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ ഈ നിലപാടറിയിച്ചത്.

2017 ജൂലൈയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. യമനിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്‌ളിനിക്ക് തുടങ്ങാൻ സഹായ വാഗ്‌ദാനവുമായി വന്ന തലാൽ നിമിഷയുടെ പാസ്‌പോർട്ട് അടക്കം പിടിച്ചുവെച്ച് ക്രൂരമായി പീഡിപ്പിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. യമൻ സ്വദേശിനിയായ സഹപ്രവർത്തകയുടെയും മറ്റൊരു യുവാവിന്റെയും നിർദ്ദേശ പ്രകാരം തലാലിന് അമിത മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയും മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയുമായിരുന്നു. കീഴ്‌ക്കോടതിയാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്. കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ അപ്പീൽ കോടതി നേരത്തെ ശരിവച്ചിരുന്നു.

Most Read: നിങ്ങൾക്ക് ഒരിക്കലും സത്യത്തെ തടവിലാക്കാനാവില്ല; മേവാനിയുടെ അറസ്‌റ്റിൽ രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE