തിരുവനന്തപുരം: സംസ്‌ഥാന പോലീസ് സേനയിൽ വനിതാ ഓഫിസർമാര്‍ ചൂഷണത്തിന് ഇരയാകുന്നുവെന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പരമര്‍ശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വീസിലിരിക്കുമ്പോള്‍ അവരാരും തന്നോട് പരാതി പഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ ഭാഗത്ത് നിന്ന് ലിംഗവിവേചനം ഉണ്ടായിട്ടില്ലെന്നും നിയമസഭയിലെ ചോദ്യോത്തര വേളയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണൻ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. വനിതാ ഓഫിസർമാര്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന സംഭവങ്ങള്‍ പോലീസിൽ ഉണ്ടായിട്ടുണ്ട് എന്നായിരുന്നു ശ്രീലേഖ നേരത്തെ പറഞ്ഞത്. ഒരു വനിതാ എസ്ഐയെ ഡിഐജി ദുരുപയോഗം ചെയ്‌തത് തനിക്കറിയാമെന്നും അവര്‍ പറഞ്ഞിരുന്നു.
സ്‌ത്രീ എന്ന നിലയില്‍ കടുത്ത ആക്ഷേപങ്ങളാണ് പോലീസിൽ നിന്ന് നേരിട്ടത്. മാനസിക പീഡനം സഹിക്കാന്‍ കഴിയാതെ ഐപിഎസില്‍ നിന്ന് രാജിവെക്കാന്‍ ഒരുങ്ങിയിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. വനിതാ ഓഫിസര്‍മാര്‍ ലൈംഗിക ചൂഷണത്തിനു വരെ ഇരയാവുന്നു. വനിതാ എസ്ഐക്ക് എതിരെ ഒരു ഡിഐജിയുടെ അതിക്രമം നേരിട്ടറിയാം; എന്നുമാണ് ആര്‍ ശ്രീലേഖ പറഞ്ഞത്.
എന്നാല്‍ ഇതിനെതിരെ കേരള പോലീസ് അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. വനിതാ ഉദ്യോഗസ്‌ഥയോട് മോശമായി പെരുമാറിയെന്ന് പറയുന്ന ഡിഐജിയുടെ പേര് ശ്രീലേഖ വെളിപ്പെടുത്തണമെന്ന് പോലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്‌ഥന്റെ പേര് വെളിപ്പെടുത്താതെ മുഴുവന്‍ ഉദ്യോഗസ്‌ഥരേയും സംശയ നിഴലിലാക്കിയെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിആര്‍ ബിജു കുറ്റപ്പെടുത്തി.
ഫേസ്ബുക്കിലൂടെയാണ് സിആര്‍ ബിജു ശ്രീലേഖക്കെതിരെ രംഗത്തെത്തിയത്. അസോസിയേഷനുകള്‍ക്ക് എതിരായ ശ്രീലേഖയുടെ വിമര്‍ശനം അടിസ്‌ഥാന രഹിതമാണ്. സ്‌ത്രീകള്‍ ചൂഷണം നേരിടുന്ന തൊഴിലിടമല്ല പോലീസെന്നും ബിജു കൂട്ടിച്ചേര്‍ത്തു.
Most Read: അഭയകേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ ഇടപെട്ടു; സിറിയക് ജോസഫിനെതിരെ വീണ്ടും ജലീല്‍