ഒത്തുതീർപ്പിനില്ല; ജോജു ആദ്യം മാപ്പ് പറയട്ടെയെന്ന് കോൺഗ്രസ്

By Desk Reporter, Malabar News
Congress-wants-Joju-to-apologize-first
Ajwa Travels

കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ ഉണ്ടായ സംഘർഷങ്ങളിൽ നടൻ ജോജു ജോർജ് ആദ്യം മാപ്പ് പറയട്ടെയെന്ന് കോൺഗ്രസ്. ഒത്തു തീര്‍പ്പ് ശ്രമങ്ങളില്‍ നിന്ന് ജോജു പിൻമാറുന്നതായി തോന്നുന്നുവെന്ന് എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു.

സംഭവിച്ച കാര്യങ്ങളില്‍ ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ. പ്രസ്‌താവന പിന്‍വലിക്കുന്നത് അതിനുശേഷം ആലോചിക്കാമെന്നും ജോജുവിന്റെ അഭിഭാഷകന് മറുപടിയായി ഷിയാസ് പറഞ്ഞു.

“ജോജുവിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ശക്‌തമായ നടപടി എടുക്കണമെന്ന ആവശ്യമാണ് ഇന്ന് ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഉയര്‍ന്നുവന്നത്. പോലീസ് നടപടി സ്വീകരിക്കുന്നത് വരെ ശക്‌തമായ പ്രക്ഷോഭവും നിയമ നടപടികളുമുണ്ടാകും. ഇതുവരെ ചര്‍ച്ചകള്‍ക്കെത്തിയത് ജോജുവിന്റെ സുഹൃത്തുക്കളാണ്. ഒത്തുതീര്‍പ്പ് നടത്തേണ്ടത് കോണ്‍ഗ്രസല്ല. ജോജുവിന്റെ ആളുകളാണ്. അന്ന് നടന്ന സംഭവങ്ങള്‍ക്ക് ആദ്യം ഖേദം പ്രകടിപ്പിക്കേണ്ടതും അവരാണ്,”- ഷിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് പരസ്യമായി മാപ്പ് പറഞ്ഞാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന സൂചനയാണ് ജോജുവിന്റെ അഭിഭാഷകന്‍ നേരത്തെ നല്‍കിയത്. ജോജുവിനെതിരെ നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണം. നേതാക്കള്‍ നടത്തിയ വ്യക്‌തിപരമായ പരാമര്‍ശങ്ങളും പിന്‍വലിക്കണം. പൊതുജനമധ്യത്തില്‍ ആരോപിച്ച കാര്യങ്ങള്‍ പൊതുമധ്യത്തില്‍ തന്നെ പ്രസ്‌താവനയിലൂടെ പിന്‍വലിക്കണം തുടങ്ങിയ കാര്യങ്ങളാണ് ജോജു മുന്നോട്ടു വച്ചിരിക്കുന്നത്. വിഷയത്തില്‍ നേതാക്കള്‍ ഒത്തുതീര്‍പ്പിനായി സമീപിച്ചിരുന്നെന്നും അഭിഭാഷകന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

വിഷയത്തില്‍ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും വ്യക്‌തിപരമായി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ ഒത്തുതീര്‍പ്പിന് ഇനിയും സാധ്യതകളുണ്ടെന്നും അഭിഭാഷകന്‍ വ്യക്‌തമാക്കി.

അതേസമയം ജോജു ജോര്‍ജിന്റെ വാഹനം തകർത്ത കേസിൽ പ്രതി പിജി ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം ജുഡീഷ്യൻ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജോസഫിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. സെലിബ്രിറ്റിയുടെ അവസ്‌ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ സ്‌ഥിതി എന്താകുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.

Most Read:  ഇന്ധന നികുതി; സംസ്‌ഥാന സർക്കാരിന് ഇനി ഉറക്കമില്ലാത്ത രാവുകളെന്ന് കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE