മലപ്പുറം: മതിയായ ഫിറ്റ്നസ് രേഖകൾ ഇല്ലാതെ നിരത്തിലിറങ്ങിയ ദീർഘദൂര സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് കസ്‌റ്റഡിയിൽ എടുത്തു. കോഴിക്കോട്-ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് നിയമം ലംഘിച്ച് റോഡിലിറങ്ങിയത്. പിന്തുടർന്ന് എത്തിയ മോട്ടോർ വാഹനവകുപ്പ് ബസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർ നടപടികൾക്കായി കേസ് മലപ്പുറം ആർടിഒക്ക് കൈമാറും.
നിറയെ യാത്രക്കാരുമായി സർവീസ് നടത്തുന്നതിനിടെ ദേശീയ പാതയിൽ വെന്നിയൂരിൽ വെച്ചാണ് ബസ് പിടികൂടിയത്. മതിയായ രേഖകളോ പെർമിറ്റോ ഇല്ലാതെ കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന ‘കോയാസ്’ ബസാണ് അധികൃതർ കസ്‌റ്റഡിയിൽ എടുത്തത്. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിൽ ബസിന് സർവീസ് നടത്താനുള്ള ഫിറ്റ്നസ്, പെർമിറ്റ്, ടാക്‌സ് ഉൾപ്പടെയുള്ള രേഖകളില്ലെന്ന് കണ്ടെത്തി.
ബസിൽ വെച്ച് യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ചങ്കുവെട്ടിയിൽ യാത്ര അവസാനിപ്പിച്ചു. തുടർന്ന് യാത്രക്കാർക്ക് ഉദ്യോഗസ്‌ഥർ തന്നെ മറ്റ് ബസുകളിൽ കയറാനുള്ള സൗകര്യം ഒരുക്കുകയും ചെയ്‌തു. ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർടിഒ സുരേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ദേശീയപാതയിൽ പരിശോധന നടത്തിയത്. ഉദ്യോഗസ്‌ഥർ മൊബൈൽ ആപ്പിൽ പരിശോധിച്ചപ്പോഴാണ് ബസിന് മതിയായ രേഖകൾ ഇല്ലെന്ന് തിരിച്ചറിഞ്ഞത്.
Most Read: തിയേറ്ററുകളുടെ പ്രവർത്തനത്തിന് തടസമില്ല; സർക്കാർ ഹൈക്കോടതിയിൽ