അരൂർ: പുറമേരി പഞ്ചായത്തിലെ പെരുമുണ്ടച്ചേരി, എളയടം, അരൂർ പ്രദേശത്തെ ജനങ്ങൾ പൊതുഗതാഗത സൗകര്യമില്ലാതെ വലയുന്നു. രോഗികളും വിവിധ ആവശ്യങ്ങൾക്കായി വടകര, പുറമേരി, നാദാപുരം, ആയഞ്ചേരി, തണ്ണീർപ്പന്തൽ എന്നിവിടങ്ങളിലേക്ക് പോകുന്നവരുമെല്ലാം യാത്രാസൗകര്യമില്ലാതെ ദുരിതത്തിലാണ്.
കോവിഡിന് മുൻപ് ബസുകളും സമാന്തരജീപ്പ് സർവീസുമെല്ലാം സജീവമായിരുന്ന പൊതുഗതാഗതമേഖല ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ താറുമാറായി. നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ നാട് പഴയസ്‌ഥിതിയിലേക്ക് മാറിത്തുടങ്ങിയെങ്കിലും ഗതാഗത സൗകര്യത്തിന്റെ കാര്യത്തിൽ മാത്രം മാറ്റമുണ്ടാകുന്നില്ല. കോളേജുകളും സ്‌കൂളുകളും തുറക്കാനിരിക്കെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.
അരൂർ, പെരുമുണ്ടച്ചേരി, എളയടം പ്രദേശങ്ങളിലെ ജനങ്ങളുടെ പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷി ഓഫിസ്, മൃഗാശുപത്രി എന്നിവയെല്ലാം പുറമേരിയിലാണ്. ഇവിടേക്ക് ഒന്നുകിൽ അരൂരിൽനിന്ന് കക്കട്ട് നാദാപുരം വഴിയോ അല്ലെങ്കിൽ തണ്ണീർപന്തൽ- കുനിങ്ങാട് വഴിയോ പോകണം. വടകരയിലേക്ക് കക്കട്ട് വഴിയും തീക്കുനി വഴിയും തണ്ണീർപ്പന്തൽ വഴിയുമെല്ലാം പോകാമെങ്കിലും ഇവിടങ്ങളിലേക്ക് എത്തിപ്പെടുക പ്രയാസമാണ്.
നേരത്തേ വടകരയിൽനിന്ന് തീക്കുനി-അരൂർ വഴി കക്കട്ടിലേക്കും തിരിച്ചും ബസ് സർവീസുണ്ടായിരുന്നു. കോവിഡ് വ്യാപിച്ചതോടെ ഇത് നിലച്ചു. ഇപ്പോൾ ഒന്നോ രണ്ടോ സർവീസാണുള്ളത്. പ്രതിസന്ധി കണക്കിലെടുത്ത് പെരുമുണ്ടച്ചേരി ഭാഗത്തുനിന്ന് ആയഞ്ചേരി, കക്കട്ട്, കല്ലാച്ചി എന്നിവിടങ്ങളിലേക്ക് ജനകീയ ജീപ്പ് സർവീസ് തുടങ്ങിയിരുന്നു.
അരൂർ വഴി കോഴിക്കോട്ടേക്കുള്ള കെഎസ്‌ആർടിസി ബസ് ഒട്ടേറെ ജനങ്ങൾക്ക് ഉപകാരപ്രദമായിരുന്നു. ഇതും കോവിഡ് കാലത്ത് നിർത്തി. കെഎസ്‌ആർടിസി തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുമായി സഹകരിച്ചുനടത്തുന്ന പുതിയ പദ്ധതിയായ ഗ്രാമവണ്ടി സർവീസ് പുറമേരി പഞ്ചായത്തിലും വേണമെന്ന ആവശ്യം ശക്‌തമാകുന്നുണ്ട്.
Also Read: സ്‌കൂൾ തുറക്കുന്നതിൽ കൃത്യമായ രൂപരേഖ തയ്യാറാക്കും