സഹതാപം വേണ്ട; അനധികൃതമായി കൂർമ്പാച്ചി മലയിൽ കയറുന്നവർക്ക് എതിരെ കർശന നടപടി

By Desk Reporter, Malabar News
wildlife attack
Ajwa Travels

തിരുവനന്തപുരം: പാലക്കാട് ചെറാട് കൂര്‍മ്പാച്ചി മലയില്‍ അധികൃതമായി കയറിയവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. ബാബുവിന് ലഭിച്ച ആനുകൂല്യം മുതലെടുക്കുകയാണ് ചിലര്‍, എന്നാല്‍ ആരോടും സഹതാപം കാണിക്കേണ്ടതില്ലെന്ന് എകെ ശശീന്ദ്രന്‍ പറഞ്ഞു.

റവന്യൂ വകുപ്പ് മന്ത്രിയുമായി ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബാബുവും കൂട്ടരും നിയമലംഘനമാണ് നടത്തിയിട്ടുള്ളതെങ്കില്‍ പോലും അദ്ദേഹത്തിന്റെ പ്രത്യേക മാനസികാവസ്‌ഥ കൂടി കണക്കിലെടുത്ത് കൂടുതല്‍ ഉപദ്രവിക്കരുതെന്ന നിഗമനത്തിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ അതിനെ മറയാക്കി ഒന്നില്‍ കൂടുതല്‍ ആളുകള്‍ മല കയറുകയും നിയമലംഘനം നടത്തുകയും ചെയ്യുന്നുണ്ടെന്ന് എകെ ശശീന്ദ്രന്‍ പറഞ്ഞു.

അനധികൃത കടന്നുകയറ്റം അനുവദിക്കില്ല. കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബാബുവിന്റെ ആനുകൂല്യത്തിന്റെ മറവില്‍ മറ്റുള്ളവര്‍ നിയമലംഘനം നടത്തുന്നുണ്ടെങ്കില്‍ തന്റെ മകന് ഇളവ് നല്‍കേണ്ടതില്ലെന്ന ബാബുവിന്റെ മാതാവിന്റെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു എകെ ശശീന്ദ്രന്റെ പ്രതികരണം. കളക്‌ടറുടെ നേതൃത്വത്തില്‍ പോലീസ്-ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരെ ഏകോപിപ്പിച്ച് സമിതി രൂപീകരിക്കാനാണ് തീരുമാനം.

മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കയറിയ ബാബുവിനെതിരെ കേസെടുക്കാമെന്ന് മാതാവ് റഷീദ പറഞ്ഞിരുന്നു. ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതൽ ആളുകൾ അത് അവസരമാക്കി എടുക്കുകയാണ്. “എന്റെ മകൻ മരിച്ചിരുന്നെങ്കിൽ ഇവർ ഇങ്ങനെ കയറുമായിരുന്നോ? ഒരാൾ പോലും മലയിലേക്ക് കയറി നാട്ടുകാരെ ബുദ്ധിമുട്ടിക്കരുത്. ബാബുവിന് കേസിൽ ഇളവു നൽകിയത് അവസരമായി കാണരുത്”- അവർ പറഞ്ഞു.

ബാബു കയറിയ ചെറാട് കൂർമ്പാച്ചി മലയിൽ ഇന്നലെ വീണ്ടും ആൾ കയറിയിരുന്നു. മലയുടെ മുകളിൽ നിന്ന് മൊബൈൽ ഫ്ളാഷുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. ബാബു കുടുങ്ങിയതിനു പിന്നാലെ അനുമതിയില്ലാതെ മലയിൽ കയറരുത് എന്ന് വനംവകുപ്പ് കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെയായിരുന്നു മലയിലേക്കുള്ള പ്രവേശനം. മലയുടെ ഏറ്റവും മുകളിൽ നിന്നാണ് ഫ്‌ളാഷ് കണ്ടത്.

തുടർന്ന് വനം വകുപ്പും ഫയർ ഫോഴ്‌സും നടത്തിയ ശ്രമത്തിൽ മലയിൽ കയറിയ ആളെ കണ്ടെത്തി. രാധാകൃഷ്‌ണനെന്ന ആദിവാസി യുവാവാണ് മലയിൽ കയറിയത്. മലയുടെ പരിസരം ഈ യുവാവിന് കൃത്യമായി അറിയാമായിരുന്നെന്നാണ് പ്രദേശവാസികൾ വിലയിരുത്തുന്നത്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഇയാളെ കണ്ടെത്തി ബേസ് ക്യാംപിൽ എത്തിച്ചിട്ടുണ്ട്.

Most Read:  ദുരൂഹതകൾ ബാക്കി; പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്ന് വയസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE