തിരുവനന്തപുരം: സംസ്‌ഥാനത്ത് റോഡ് ക്യാമറ വഴി ഇന്ന് മുതൽ പിഴ ഈടാക്കും. രാവിലെ എട്ടു മുതലുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിഴ ചുമത്തും. നേരത്തെ ഈ മാസം 20 മുതൽ പിഴ ഈടാക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇത് വീണ്ടും ജൂൺ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ ആളായി കുട്ടികളെ കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല.
12 വയസിന് താഴെയുള്ള കുട്ടികൾക്കാണ് ഇളവ്. എന്നാൽ, നാല് വയസിന് മുകളിലുള്ള കുട്ടികൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിർദ്ദേശം. സംസ്‌ഥാന സർക്കാർ കേന്ദ്രത്തിനയച്ച കത്തിന് മറുപടി ലഭിക്കുന്നത് വരെയാണ് നിലവിലെ ഇളവ്. പിഴയിൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. കേന്ദ്ര മാനദണ്ഡം അനുസരിച്ചു എമർജൻസി സർവീസുകൾക്ക് മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
സംസ്‌ഥാനത്തെ 692 ക്യാമറകളാണ് മിഴി തുറന്നത്. 34 ക്യാമറകൾ കൂടി ഉടൻ സജ്‌ജമാക്കും. ദിവസവും 25,000 നോട്ടീസ് വീതമാകും അയക്കുക. തപാൽ വഴിയാകും നിയമലംഘനങ്ങൾ അറിയിക്കുക. നോ പാർക്കിങ്- 250, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ- 500, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ- 500, മൊബൈൽ ഉപയോഗിച്ചാൽ- 2000, അമിതവേഗം- 1500, റെഡ് ലൈറ്റും എന്നിങ്ങനെയാണ് പിഴ ഈടാക്കുക. അതേസമയം, റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതി തീരുമാനിക്കും.
Most Read: അരിക്കൊമ്പനെ മയക്കുവെടിവെച്ചു; വെള്ളിമല വനത്തിലേക്ക് മാറ്റുമെന്ന് സൂചന