നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജാണ് (19) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഇന്നലെ രണ്ടുപേർ മരിച്ചിരുന്നു. ചികിൽസയിലായിരുന്ന കെ രതീഷ് (32), ബിജു (38) എന്നിവരാണ് മരിച്ചത്. ചികിൽസയിലിരിക്കെ ഒരാൾ ശനിയാഴ്‌ചയും മരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ചോയ്യങ്കോട് കിണാവൂർ സ്വദേശി സി സന്ദീപ് (38) ആണ് മരിച്ചത്. സന്ദീപിന്റെ സുഹൃത്തുക്കളാണ് രതീഷും ബിജുവും.
കഴിഞ്ഞ മാസം 28ന് അർധരാത്രി ക്ഷേത്രത്തിലെ കാളിയാട്ടത്തിനിടെയുണ്ടായ അപകടത്തിൽ 154 പേർക്കാണ് പരിക്കേറ്റത്. മംഗളൂരു, കാസർഗോഡ്, കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് പൊള്ളലേറ്റവർ ചികിൽസയിൽ ഉള്ളത്.
വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ജാമ്യം ഇന്നലെ കാസർഗോഡ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു. കേസിലെ ആദ്യ മൂന്ന് പ്രതികളായ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ചന്ദ്രശേഖരൻ, കമ്മിറ്റി സെക്രട്ടറി ഭരതൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഇവർക്ക് ജാമ്യം അനുവദിച്ചതിനെതിരെ നൽകിയ ഹരജിയിലായിരുന്നു കോടതി നടപടി.
അതേസമയം, വെടിക്കെട്ടപകടം സംബന്ധിച്ച് എഡിഎം നടത്തുന്ന അന്വേഷണ റിപ്പോർട് വൈകുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. എന്നാൽ, എക്‌സ്‌പ്‌ളോസീവ് ആക്‌ട് ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നതിൽ പൂർണ വ്യക്‌തത വരുത്തേണ്ടതിനാലാണ് റിപ്പോർട് വൈകുന്നതെന്നാണ് സൂചന. കളക്‌ടർ കെ ഇമ്പശേഖറാണ് എഡിഎമ്മിൽ നിന്ന് റിപ്പോർട് ആവശ്യപ്പെട്ടത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!