മലപ്പുറം: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരക മയക്കുമരുന്നുമായി പാണ്ടിക്കാട് സ്വദേശികളായ രണ്ടു പേരെ ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡും പോലീസും ചേർന്ന് പിടികൂടി. പയ്യപറമ്പ് സ്വദേശി കരുവാരക്കോട്ടിൽ സക്കറിയ എന്ന പൊടിപാറ്റി ഷുക്കൂർ (31), വെട്ടിക്കാട്ടിരി സ്വദേശി മമ്പാടൻ മുഹമ്മദ് നാസർ (31) എന്നിവരെയാണ് പിടിയിലായത്.
പാണ്ടിക്കാട് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ വെച്ചാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. വിദ്യാർഥികൾക്കും മറ്റും വിൽപ്പനക്കായി കൊണ്ടുവന്നതായിരുന്നു മയക്കുമരുന്ന്.
എംഡിഎംഎയും ഇവരിൽ നിന്നും പിടികൂടിയിട്ടുണ്ട്. ഗ്രൗണ്ടിൽ കാർ നിർത്തിയിട്ട് അതിനുള്ളിൽ എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അറസ്‌റ്റ്. 20 ഗ്രാം എംഡിഎംഎ പിടികൂടി.
ബെംഗളൂരു, ഗോവ എന്നിവടങ്ങളിൽ നിന്ന് രാത്രികാല സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലാണ് ഇവർ മയക്കുമരുന്ന് നാട്ടിലെത്തിക്കുന്നത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്‌തു.
രണ്ടാഴ്‌ചക്കിടെ കൊണ്ടോട്ടി, വേങ്ങര, പാണ്ടിക്കാട്, നിലമ്പൂർ, മഞ്ചേരി എന്നിവടങ്ങളിൽ നിന്നായി 68 ഗ്രാം എംഡിഎംഎ, 30 കിലോഗ്രാം കഞ്ചാവ്, എന്നിവയുമായി 15 പേരെ പോലീസ് പിടികൂടിയിരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കുകയാണ് അധികൃതർ.
Malabar News: കോഴിക്കോട് ലക്ഷങ്ങളുടെ കുഴൽപ്പണം പിടികൂടി; രണ്ടുപേർ അറസ്‌റ്റിൽ