കൊച്ചി: പോക്‌സോ കേസ് പ്രതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം. കടവന്ത്ര സ്വദേശിയായ അജിത്ത് ആണ് ആത്‍മഹത്യ ചെയ്‌തത്. സംഭവത്തിൽ അജിത്തിന്റെ സുഹൃത്തിനും കുടുംബത്തിനുമെതിരേ കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കടവന്ത്ര പോലീസ് സ്‌റ്റേഷന് മുന്നിൽ വീട്ടുകാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇന്നലെ രാത്രിയാണ് അജിത്ത് ജീവനൊടുക്കിയത്. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ബെംഗളൂരുവിൽ സൈക്കോളജി വിദ്യാര്‍ഥിയാണ് അജിത്ത്. പോക്‌സോ കേസ് പ്രതിയായ അജിത്ത് രണ്ടാഴ്‌ച മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ആത്‌മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് അജിത്ത് ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു.
തന്റെ മരണത്തിന് കാരണം കുടുംബമല്ലെന്നും സുഹൃത്തും സുഹൃത്തിന്റെ കുടുംബവുമാണെന്നും ആത്‌മഹത്യാ കുറിപ്പില്‍ വ്യക്‌തമാക്കിയിട്ടുണ്ട്. സുഹൃത്തും മറ്റുചിലരും ചേര്‍ന്നുണ്ടാക്കിയ വ്യാജ കേസാണെന്നും അജിത്തിനെ പോക്‌സോ കേസില്‍ കുടുക്കുകയായിരുന്നു എന്നുമാണ് കുടുംബത്തിന്റെ ആരോപണം. സുഹൃത്തും അച്ഛനും ചേര്‍ന്ന് മകനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്നും അജിത്തിന്റെ അമ്മ പറഞ്ഞു.
ഇതിന് പിന്നാലെയാണ് അജിത്തിന്റെ കുടുംബം പ്രതിഷേധവുമായി കടവന്ത്ര പോലീസ് സ്‌റ്റേഷനിലെത്തിയത്. സുഹൃത്തിനും കുടുംബത്തിനുമെതിരെ കേസെടുക്കണമെന്നാണ് വീട്ടുകാരുടെ മുഖ്യ ആവശ്യം. കടവന്ത്ര സിഐ ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു. ജനുവരിയിലാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ അജിത്തിനെതിരെ പോക്‌സോ കേസ് ചുമത്തിയത്.
Most Read: കടുത്ത ചൂടിൽ വെന്തുരുകി ഡെൽഹി; ഉഷ്‌ണ തരംഗത്തിന് സാധ്യത