നിലമ്പൂർ: ഭൂമിക്കടിയിൽ നിന്ന് സ്‌ഫോടന ശബ്‌ദം കേട്ട പോത്തുകല്ല്, ആനക്കൽ മേഖലയിലെ ജനങ്ങളുടെ ആശങ്കയകറ്റുമെന്ന് ജില്ലാ കളക്‌ടർ വിആർ വിനോദ്. സാധാരണ പ്രതിഭാസം മാത്രമാണ് പ്രദേശത്ത് സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്ന് പ്രദേശം സന്ദർശിച്ചതിന് ശേഷം കളക്‌ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭൂമികുലുക്കമായി അനുഭവപ്പെടുന്നില്ലെങ്കിലും ചെറിയ തോതിൽ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കളക്‌ടർ വ്യക്‌തമാക്കി. ജിയോളജി, ഭൂജല വിദഗ്‌ധരുടെ നേതൃത്വത്തിൽ കൂടുതൽ പരിശോധന നടത്തും. അവശ്യമെങ്കിൽ ഭൂമികുലുക്ക മുന്നറിയിപ്പ് സംവിധാനം പ്രദേശത്ത് സ്‌ഥാപിക്കും. നിലവിൽ പ്രദേശത്ത് നിന്ന് ജനങ്ങൾ താമസം മാറേണ്ട സാഹചര്യമില്ലെന്നും കളക്‌ടർ അറിയിച്ചു.
മലപ്പുറം പോത്തുകല്ല്, ആനക്കല്ല് പട്ടികവർഗ നഗർ ഭാഗത്താണ് ചൊവ്വാഴ്‌ച രാത്രി 9.30 ഓടെ ഭൂമിക്കടിയിൽ നിന്ന് സ്‌ഫോടന ശബ്‌ദം കേട്ടത്. ഒരുകിലോമീറ്റർ അകലെ വരെ ശബ്‌ദം കേട്ടുവെന്ന് പരിസരവാസികൾ പറഞ്ഞു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തിറങ്ങി നിന്നു. പിന്നാലെ ഇവരെ ബന്ധുവീടുകളിലേക്കും സ്‌കൂളുകളിലേക്കും മാറ്റിപ്പാർപ്പിച്ചു.
രണ്ടുതവണ ശബ്‌ദം കേട്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. ക്വാറികളിലും മറ്റും പാറ പൊട്ടിക്കുന്നത് പോലെയുള്ള ശബ്‌ദമാണ് അനുഭവപ്പെട്ടത്. അതിന് ശേഷം ചെറിയ ശബ്‌ദങ്ങൾ ഉണ്ടായെന്നും നാട്ടുകാർ പറയുന്നു. രണ്ട് വീടുകൾക്ക് വിള്ളൽ വീണതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!