ബെംഗളൂരു: മുഖ്യമന്ത്രി സ്‌ഥാനം വേണമെങ്കിൽ 2500 കോടി നൽകിയാൽ മതിയെന്ന വാഗ്‌ദാനവുമായി ചിലർ തന്നെ സമീപിച്ചുവെന്ന വെളിപ്പെടുത്തലുമായി കർണാടകയിലെ മുതിർന്ന ബിജെപി എംഎൽഎയും മുൻ കേന്ദ്രമന്ത്രിയും ആയിരുന്ന ബസനഗൗഡ പാട്ടീൽ യത്‌നൽ. ഡെൽഹിയിൽ നിന്ന് എത്തിയവരാണ് പണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്‌തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് തരപ്പെടുത്തി തരാമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുമായും കൂടിക്കാഴ്‌ചക്ക് അവസരം ഒരുക്കാമെന്നും അവർ അറിയിച്ചു. പണം നൽകി സ്‌ഥാനാർഥിയാക്കാമെന്നും മുഖ്യമന്ത്രിയാക്കാമെന്നും പറഞ്ഞ് സമീപിക്കുന്നവർക്ക് എതിരെ ജാഗ്രത പാലിക്കണമെന്നും പല രാഷ്‌ട്രീയ നേതാക്കളും ഇങ്ങനെ വഞ്ചിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബെലഗാവിയിലെ ഒരു പൊതുയോഗത്തിൽ പ്രസംഗിക്കവേ ആയിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.
അതേസമയം, എംഎൽഎയുടെ ആരോപണത്തെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. മുൻ കേന്ദ്രമന്ത്രിയായ യത്‌നലിന്റെ ആരോപണത്തെ ഗൗരവമായി എടുക്കണമെന്ന് കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ പറഞ്ഞു.
Most Read: സമ്പന്നരെ സ്വാധീനിക്കാൻ യുവതികളെ ദുരുപയോഗിച്ചു; വിജയ് ബാബുവിനെതിരെ തെളിവ്