ആദിവാസികളെ അധിക്ഷേപിച്ച ഇടത് സ്വതന്ത്ര എംഎല്‍എ വി അബ്‌ദുറഹ്‌മാന് എതിരെ പ്രതിഷേധം ശക്‌തം

By Staff Reporter, Malabar News
MALABARNEWS-CK-JANU
Ajwa Travels

കോട്ടയം: ആദിവാസി സമൂഹത്തിന് എതിരെ അധിക്ഷേപകരമായ പ്രസ്‌താവന നടത്തിയ എംഎൽഎ വി അബ്‌ദുറഹ്‌മാനെ രൂക്ഷമായി വിമർശിച്ച് ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു. ഉത്തരവാദിത്തപ്പെട്ട സ്‌ഥാനത്ത്‌ ഇരിക്കുന്ന ജനപ്രതിനിധിയെന്ന നിലയിൽ ഒരു സമൂഹത്തിന് എതിരെ നടത്തിയ പരാമർശം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ രംഗത്തെത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്‌ നൽകിയ അഭിമുഖത്തിലാണ് സികെ ജാനു, എംഎൽഎയെ വിമർശിച്ചത്.

എംഎൽഎ തന്റെ പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് സികെ ജാനു ആവശ്യപ്പെട്ടു. ഇത്ര പുച്ഛത്തില്‍ ആദിവാസികളേക്കുറിച്ച് പറയാന്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെയാണ് സാധിക്കുക. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ഒരാള്‍ വിമര്‍ശിച്ചതിന് ഗോത്ര വിഭാഗത്തിലുള്ള ആളുകള്‍ എന്താണ് പിഴച്ചത്.

സാമൂഹ്യ അറിവില്ലാത്ത ഒരാളല്ല എംഎല്‍എ. തരംതാണതും ബാലിശവുമാണ് പ്രസ്‌താവന. ജനങ്ങളേക്കുറിച്ച് തിരിച്ചറിയാത്തവര്‍ എങ്ങനെയാണ് ജനസേവകനെന്ന കസേരയില്‍ ഇരിക്കാന്‍ അര്‍ഹനാവുന്നത്. രാജിവച്ച് പുറത്ത് പോകണമെന്നും അവർ പറഞ്ഞു.

ഒരു തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ അത് ആര് പറയുന്നത് എന്നതിന് സ്‌ഥാനമില്ല. ആദിവാസിക്ക് തെറ്റ് ചൂണ്ടിക്കാണിക്കാന്‍ അര്‍ഹതയില്ലേ ? സികെ ജാനു ചോദിച്ചു. ആദിവാസികളേക്കുറിച്ചുള്ള പൊതു സാമൂഹ്യ ബോധമാണ് ഈ വിഷയത്തില്‍ ആരും പ്രതികരിക്കാതിരിക്കാന്‍ കാരണം.

ഈ പരാമര്‍ശം മറ്റ് വിഭാഗങ്ങള്‍ക്കെതിരെ ആണെങ്കില്‍ ഈ സമയത്തിനുള്ളില്‍ ഉണ്ടാവുക ശക്‌തമായ പ്രതിഷേധ സ്വരമാണ്. എന്നാല്‍ ആദിവാസിക്കെതിരെ ആയതുകൊണ്ട് ആര്‍ക്കും പ്രശ്‌നമില്ല. എന്തുകൊണ്ട് മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളയാള്‍ പഠിപ്പിക്കാന്‍ വരണ്ട എന്ന് പറയാത്തതെന്നും സി കെ ജാനു ചോദിക്കുന്നു. ആദിവാസികള്‍ ഇത്തരം തരംതാണ പ്രസ്‌താവന നടത്താറോ, മറ്റ് വിഭാഗങ്ങളെ പരിഹസിക്കാനോ ശ്രമിക്കാറില്ലെന്നും സി കെ ജാനു ചൂണ്ടിക്കാട്ടി.

പരസ്യമായി പ്രസ്‌താവന പിന്‍വലിച്ച് മാപ്പുപറയാന്‍ തയ്യാറായില്ലെങ്കില്‍ എംഎല്‍എക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സികെ ജാനു പറയുന്നു. സ്വന്തം സമുദായത്തിലെ ആള്‍ നടത്തിയ വിമര്‍ശനത്തിന് അയാളുടെ ജാതിപ്പേര് പറയാന്‍ നട്ടെല്ലില്ലാത്തയാളെ ആരാണ് എംഎല്‍എയാക്കിയതെന്നും സി കെ ജാനു കൂട്ടിച്ചേർത്തു.

Read Also: അര്‍ണബിന് ഇടക്കാല ജാമ്യമില്ല; കീഴ്‌കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി

മുസ്‌ലിം ലീഗ്‌ എംഎൽഎയായ സി മമ്മൂട്ടിയുടെ വിമർശനങ്ങൾക്കുള്ള മറുപടിയായാണ് വി അബ്‌ദുറഹ്‌മാൻ എംഎൽഎ വിവാദ പ്രസ്‌താവന നടത്തിയത്. ‘ആദിവാസി ജനങ്ങൾക്ക് ഇടയിൽ നിന്ന് വന്നവർ ഞങ്ങളെ പഠിപ്പിക്കണ്ട, ഞങ്ങളൊക്കെ തിരൂരിൽ ജനിച്ചു വളർന്നവരാണ്. ഞങ്ങൾ ആദിവാസി ഗോത്രത്തിൽ നിന്നും വന്ന ആളുകളല്ല. ആദിവാസികളെ പഠിപ്പിക്കേണ്ടത് അവിടെ പോയി പഠിപ്പിക്കുക’ എന്നായിരുന്നു എംഎൽഎയുടെ പരിഹാസം.

ആദിവാസി ഗോത്രസഭക്ക് പുറമേ വിവിധ സംഘടനകളും എംഎൽഎക്ക് എതിരെ രംഗത്തു വന്നിരുന്നു. എംഎല്‍എക്കെതിരെ പരാതി നല്‍കുമെന്നാണ് ആദിവാസി ആക്റ്റിവിസ്‌റ്റായ മംഗ്ളു ശ്രീധര്‍ അറിയിച്ചത്. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന അഹങ്കാരം നിറഞ്ഞ പ്രസ്‌താവനയാണ് വി അബ്‌ദുറഹ്‌മാൻ നടത്തിയതെന്നും അവർ പറഞ്ഞു.

ആദിവാസിക്ക് ശബ്‌ദിക്കാനുള്ള അവകാശമില്ലെന്നാണ് എംഎല്‍എയുടെ വാക്കുകളുടെ ധ്വനിയെന്നാണ് ആദിവാസി ആക്റ്റിവിസ്‌റ്റും സംവിധായികയുമായ ലീല സന്തോഷ് ഇതിനോട് പ്രതികരിച്ചത്. ഈ സമൂഹത്തിന്റെ ഭാഗമാണ് ആദിവാസി വിഭാഗവും. അത്തരമൊരു വിഭാഗത്തെ അടിച്ചമര്‍ത്തുന്നതാണ് പരിഹാസം. ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല ഈ അധിഷേപം എന്നും അവർ കൂട്ടിച്ചേർത്തു.

Read Also: ലാവ്‌ലിന്‍ കേസ്; ഹരജികള്‍ ഡിസംബര്‍ 3ന് സുപ്രീം കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE