തിരുവനന്തപുരം: ക്വട്ടേഷന്‍ സംഘങ്ങൾക്ക് രാഷ്‌ട്രീയമില്ലെന്നും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളിലെയും അണികളും ഇത്തരം സംഘങ്ങളിൽ ഉണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം. എന്നാല്‍ തിരുത്തലിന് തയ്യാറായതും ഇതിനെതിരെ പ്രചാരണത്തിന് ഇറങ്ങിയതും ഡിവൈഎഫ്‌ഐ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഡിവൈഎഫ്‌ഐ യാതൊരു സംരക്ഷണവും നല്‍കിയിട്ടില്ല. ക്വട്ടേഷന്‍ സംഘാംഗങ്ങളില്‍ ഉള്‍പ്പെട്ട ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും 2016ലും 2018ലും ഡിവൈഎഫ്‌ഐയില്‍ നിന്ന് പുറത്തുപോയതാണെന്നും എഎ റഹീം പറഞ്ഞു.
അപര മുഖമണിഞ്ഞ് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ നിരവധിയുണ്ട്. സോഷ്യൽ മീഡിയകളിലെ ചില ഗ്രൂപ്പുകള്‍ കണ്ടാല്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെയോ ഡിവൈഎഫ്‌ഐയുടെയോ ഔദ്യോഗിക മുഖമായി ആളുകള്‍ തെറ്റിദ്ധരിക്കും. എന്നാല്‍ ഇത്തരം ഗ്രൂപ്പുകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. ഡിവൈഎഫ്‌ഐയുടെ കൊടിയും പിടിച്ച് ചെഗുവേരയുടെ ടീ ഷര്‍ട്ട് ധരിച്ചതുകൊണ്ട് മാത്രം ഡിവൈഎഫ്‌ഐ ആകില്ല; അദ്ദേഹം വ്യക്‌തമാക്കി.
ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെയുള്ള പാര്‍ട്ടിയുടെ സമരം ഏതെങ്കിലും വ്യക്‌തികള്‍ക്ക് എതിരെയല്ല. മറിച്ച് എങ്ങനെയും പണമുണ്ടാക്കണമെന്ന പ്രവണതക്കെതിരെയാണ്. ഇത്തരക്കാരെ പിന്തുണക്കാന്‍ ഡിവൈഎഫ്‌ഐക്ക് സാധിക്കില്ല. പിന്തുണ നല്‍കുമായിരുന്നെങ്കില്‍ ഇവര്‍ക്കെതിരെ പാര്‍ട്ടി പരസ്യമായി രംഗത്തിറങ്ങില്ലായിരുന്നു എന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: കോഴക്കേസ്; ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു