ലഖ്‌നൗ: കർഷകർക്ക് നേരെ ആക്രമണം നടന്ന ലഖിംപൂർ ഖേരി സന്ദർശിക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപിക്കും യുപി സർക്കാരിന്റെ അനുമതി. അഞ്ച് പേരടങ്ങുന്ന സംഘത്തിന് ലഖിംപൂർ ഖേരി സന്ദർശിക്കാൻ അനുവാദം നൽകിയിട്ടുണ്ടെന്ന് യുപിയിലെ എഡിജി (ക്രമസമാധാനം) പ്രശാന്ത് കുമാർ പ്രസ്‌താവിച്ചു.
“സർക്കാരിന് ആരുടെയും യാത്ര നിയന്ത്രിക്കാൻ ഉദ്ദേശമില്ല. എന്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും അവ സമാധാനം നിലനിർത്താൻ മാത്രമായിരുന്നു, ”- അദ്ദേഹം പറഞ്ഞു.
അതേസമയം, എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും ജില്ല സന്ദർശിക്കാൻ അനുമതി നൽകുമെന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി അവനിഷ് കുമാർ അവസ്‌തി പിടിഐയോട് പറഞ്ഞു.
ലഖിംപൂർ ഖേരി സന്ദർശിക്കാൻ പോയ പ്രിയങ്കാ ഗാന്ധി നിലവിൽ സീതാപൂരിൽ അറസ്‌റ്റിൽ കഴിയുകയാണ്. ജില്ല സന്ദർശിക്കാൻ അനുമതി തേടിയ രാഹുൽ ഗാന്ധിക്ക് ഇന്നലെ യുപി സർക്കാർ അനുവാദം നിഷേധിച്ചിരുന്നു. നിരോധനാജ്‌ഞ നിലനിൽക്കുന്നതിനാൽ അനുമതി നൽകാനാകില്ലെന്നാണ് രാഹുലിനെ അറിയിച്ചിരുന്നത്. പ്രതിഷേധം ശക്‌തമായ സാഹചര്യത്തിലാണ് യുപി സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്.
Most Read: രക്‌തത്തിന്റെ രുചിയറിഞ്ഞവർ; ബിജെപിക്കെതിരെ ലാലു പ്രസാദ് യാദവ്