ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നതാണ് ‘അഞ്ചിന വാഗ്‌ദാനങ്ങള്‍’ മുന്നോട്ടു വെക്കുന്ന പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനം.
ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നും പ്രകടനപത്രികയില്‍ വ്യക്‌തമാക്കുന്നു. എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 2,000 രൂപവീതം നല്‍കും, സര്‍ക്കാര്‍ മേഖലയില്‍ അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും, 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും. തേയിലത്തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 365 രൂപയാക്കി ഉയര്‍ത്തും തുടങ്ങിവയവയാണ് മറ്റ് വാഗ്‌ദാനങ്ങൾ.
‘ഈ പ്രകടന പത്രിക കോണ്‍ഗ്രസ് ജനങ്ങള്‍ക്കു മുന്നില്‍ വെക്കുന്ന ഉറപ്പാണ്. ഇന്ത്യയുടെയും അസമിന്റെയും വൈവിധ്യമാർന്ന സംസ്‌കാരങ്ങളെ ആക്രമിക്കുകയാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നത്. അവരെ നാം പ്രതിരോധിക്കും. അസമിന്റെ സംസ്‌കാരത്തെയും അസ്‌തിത്വത്തെയും കോണ്‍ഗ്രസ് സംരക്ഷിക്കും. വിദ്വേഷം തുടച്ചു നീക്കുകയും സമാധാനം കൊണ്ടുവരികയും ചെയ്യും’- പത്രിക പുറത്തിറക്കിക്കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഗുവാഹത്തിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി പ്രകടന പത്രിക പുറത്തിറക്കിയത്. ഭരണ കക്ഷിയായ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് അസം നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന പോരാട്ടം. അസം നിയമസഭയില്‍ 126 സീറ്റുകളാണുള്ളത്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ ആറ് വരെ മൂന്ന് ഘട്ടങ്ങളായാണ് അസമില്‍ വോട്ടെടുപ്പ്.
Read Also: ഹജ്‌ജ് തീർഥാടകർക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കി സൗദി