മക്ക: ഹജ്‌ജ് നിർവഹിക്കാൻ വേണ്ടി ഈ വർഷം രാജ്യത്തേക്ക് എത്തുന്ന തീർഥാടകർക്ക് കോവിഡ് വാക്‌സിൻ നിർബന്ധമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് കാലത്ത് ഹജ്‌ജ് നിർവഹിക്കാൻ അനുമതി ലഭിക്കാനുള്ള പ്രധാന വ്യവസ്‌ഥകളിൽ ഒന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ ആയിരിക്കണം എന്നുള്ളതാണെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അൽ റബീഅ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
വിദേശത്ത് നിന്നെത്തുന്ന തീർഥാടകർ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിൻ പൂർത്തിയാക്കി വേണം രാജ്യത്തേക്ക് എത്താൻ. സൗദിയിൽ എത്തുന്നതിന് ഒരാഴ്‌ച മുമ്പെങ്കിലും രണ്ടാത്തെ ഡോസ് സ്വീകരിച്ചിരിക്കണമെന്നും നിർദ്ദേശമുണ്ട്. സൗദിയിൽ നിന്ന് തന്നെ ഹജ്‌ജിന് എത്തുന്നവർ ദുൽഹജ്‌ജ് ഒന്നിന് മുമ്പ് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം.
ഈ വർഷത്തെ ഹജ്‌ജിനുള്ള ആരോഗ്യ ചട്ടങ്ങൾ ദേശീയ പരിവർത്തന പദ്ധതി (എൻടിപി) തയാറാക്കി വരികയാണ്. ദുൽഹജ്‌ജ് മാസത്തിന് മുമ്പായി മക്കയിലേയും മദീനയിലെയും താമസക്കാരിൽ 60 ശതമാനത്തിനും വാക്‌സിൻ നൽകാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. രോഗബാധ കൂടാൻ സാധ്യതയുള്ളവരെ ഈ വർഷം ഹജ്‌ജിന് പരിഗണിക്കില്ല.
18 മുതൽ 60 വയസ് വരെ പ്രായമുള്ളവർക്കാണ് ഹജ്‌ജ് ചെയ്യാൻ അനുമതി. തീർഥാടകർ സൗദിയിൽ പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പ് അംഗീകൃത ലബോറട്ടറിയിൽ നിന്ന് കോവിഡ് പരിശോധന നടത്തിയ രേഖ സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. മാസ്‌ക് ധരിക്കുക, ഒന്നര മീറ്റർ അകലം പാലിക്കുക തുടങ്ങിയ അടിസ്‌ഥാന മാനദണ്ഡങ്ങളും നിർബന്ധമായി പാലിച്ചിരിക്കണം.
Also Read: തമിഴ്‌നാട്ടിലും കോവിഡ് വർധന; സ്‌കൂളുകൾ അടച്ചു