അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നുവീണു. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പാലമാണ് വൈകിട്ട് അഞ്ചോടെ തകർന്നു വീണത്. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. അവശിഷ്‌ടങ്ങൾക്കിടയിൽ കൂടുതൽപേർ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്.
പരിക്കേറ്റ രണ്ടു തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അഗ്‌നിശമന സേനാംഗങ്ങൾ ഉൾപ്പെടുന്ന രക്ഷാപ്രവർത്തകർ സംഭവ സ്‌ഥലത്തെത്തി. മൂന്ന് തൊഴിലാളികൾ കോൺക്രീറ്റ് കട്ടകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി നിർമാണം നടത്തുന്ന നാഷണൽ ഹൈസ്‌പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് (എൻഎച്ച്‌എസ്ആർസിഎൽ) അറിയിച്ചു.
രക്ഷാപ്രവർത്തനത്തിനായി ക്രെയിനുകളും എസ്‌കവേറ്ററുകളും എത്തിച്ചിട്ടുണ്ട്. നിർമാണത്തിനായി ഉപയോഗിച്ചിരുന്ന ഗർഡറുകൾ തെന്നിമാറിയതാണ് പാലത്തിന്റെ തകർച്ചയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മുംബൈ-അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ഇടനാഴിയാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി. പാലം തകർന്നതിൽ എൻഎച്ച്‌എസ്ആർസിഎൽ അന്വേഷണം ആരംഭിച്ചു. പാലത്തിന് ഘടനാപരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.
Most Read| യുപിയിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ശരിവെച്ച് സുപ്രീം കോടതി