വഡോദര: ഗുജറാത്ത് വഡോദരയിലെ ഹർണി തടാകത്തിൽ ബോട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. 14 വിദ്യാർഥികളും രണ്ടു അധ്യാപകരുമാണ് മരിച്ചത്. ബോട്ട് ഓടിച്ച ഡ്രൈവറെയും മാനേജറെയും പോലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. 14 പേർക്ക് പരമാവധി യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടിൽ 30ലേറെ പേരെ കയറ്റിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ന്യൂ സൺറൈസ് സ്വകാര്യ സ്‌കൂളിൽ നിന്ന് വിനോദയാത്രക്ക് എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഒന്ന് മുതൽ ആറുവരെ ക്ളാസുകളിലുള്ള വിദ്യാർഥികളാണ് മരണമടഞ്ഞത്. ബോട്ടിൽ കയറിയ വിദ്യാർഥികൾ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം. സംഭവത്തെ കുറിച്ച് പത്ത് ദിവസത്തിനകം റിപ്പോർട് നൽകാൻ സംസ്‌ഥാന സർക്കാർ ജില്ലാ കളക്‌ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, അനധികൃത ബോട്ട് സർവീസുകൾക്കെതിരെ നേരത്തെ തന്നെ പരാതികൾ വഡോദര കോർപ്പറേഷന് മുന്നിൽ വന്നതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയിൽ ഉള്ളവർക്ക് എല്ലാവിധ ചികിൽസാ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Most Read| കിഫ്‌ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്