തിരുവനന്തപുരം: കിഫ്‌ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചി ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിർദ്ദേശം. മുൻപ് നോട്ടീസ് നൽകിയിരുന്നെങ്കിലും തോമസ് ഐസക്ക് സാവകാശം തേടിയിരുന്നു.
കിഫ്ബിക്കായി ധനസമാഹരണത്തിന് വേണ്ടി മസാല ബോണ്ട് വാങ്ങിയതിൽ ഫെമ ലംഘനം (വിദേശനാണയ വിനിമയ ചട്ടം) ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അന്വേഷണം തുടങ്ങിയത്. ചട്ടം ലംഘിച്ചു പണം വകമാറ്റി ചിലവഴിച്ചതായി ലഭ്യമായ തെളിവുകളിൽ നിന്നും വ്യക്‌തമാണെന്നാണ് ഇഡിയുടെ നിലപാട്. കേരളത്തിലെ അടിസ്‌ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കാണ് കിഫ്ബിയിൽ നിന്നുള്ള പണം വിനിയോഗിച്ചതെന്നും വ്യവസ്‌ഥകളൊന്നും ലംഘിച്ചിട്ടില്ലെന്നുമാണ് കഫ്‌ബിയുടെ വാദം.
ഈ അന്വേഷണത്തിന്റെ പേരിൽ ഫെമ ലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനെന്ന പേരിൽ ഒന്നരവർഷമായി ഇഡി, കിഫ്‌ബി ഉദ്യോഗസ്‌ഥരെ ബുദ്ധിമുട്ടിക്കുകയാണെന്ന് കാണിച്ചു കിഫ്ബിയും തോമസ് ഐസക്കും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുവരെ അയച്ച സമൻസുകൾ പിൻവലിക്കുമെന്ന് ഇഡി അറിയിച്ചതിനെ തുടർന്ന് ഹരജിയിൽ ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചിരുന്നു.
എന്നാൽ, കേസിൽ അന്വേഷണം വിലക്കണമെന്ന കിഫ്ബിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. അന്വേഷണത്തിൽ ഇടപെടാനും ഹൈക്കോടതി തയ്യാറായില്ല. അന്വേഷണ വിവരങ്ങൾ മുദ്രവെച്ച കവറിൽ കൈമാറുമെന്ന ഇഡിയുടെ നിർദ്ദേശവും പ്രോൽസാഹിപ്പിച്ചില്ല. വസ്‌തുതകളുമായി ബന്ധമില്ലാത്ത അന്വേഷണം നടത്തരുതെന്ന് മാത്രമാണ് ഹൈക്കോടതി ഇഡിയോട് നിർദ്ദേശിച്ചത്.
കിഫ്ബി പ്രവർത്തനങ്ങൾ നിയമാനുസൃതമല്ലെന്നും ക്രമക്കേടുകൾ ഉണ്ടെന്നുമുള്ള സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ വിദേശത്തു നിന്നു പണം കൈപ്പറ്റിയതും മസാല ബോണ്ട് ഇറക്കാനായി റിസർവ് ബാങ്കിന്റെ അനുമതി തേടിയതിലെ ക്രമക്കേടുകളുമാണ് അന്വേഷിക്കുന്നത്.
Most Read| പത്ത് വർഷം വരെ തടവുശിക്ഷ; പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ തീരുമാനം