കൊച്ചി: വനിതാ ഡോക്‌ടറെ പീഡിപ്പിച്ച കേസിൽ മലയിൻകീഴ് എസ്എച്ച്ഒ ആയിരുന്ന എവി സൈജുവിന് ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. വിവാഹ വാഗ്‌ദാനം നൽകി വനിതാ ഡോക്‌ടറെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
ഭർത്താവിനൊപ്പം വിദേശത്ത് കഴിയുകയായിരുന്ന വനിതാ ഡോക്‌ടർ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിചയപ്പെട്ടത്. പരാതിക്കാരി തന്റെ പേരിലുള്ള കടകള്‍ മറ്റൊരാൾക്ക് വാടകക്ക് നൽകിയിരുന്നു. വാടകക്കാരുമായുള്ള തർക്കം പരിഹരിക്കാൻ മലയിൻകീഴ് സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് എസ്ഐയായിരുന്ന സൈജുവിനെ പരിചയപ്പെടുന്നത്.
സൈജു വിവാഹിതനാണ്. 2019ൽ ഒരു ശസ്‌ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടംവാങ്ങി, വിവാഹ വാഗ്‌ദാനം നൽകുകയും ചെയ്‌തു. സൈജുവുമായുള്ള ബന്ധമറിഞ്ഞപ്പോൾ യുവതിയുടെ വിവാഹ ബന്ധം വേർപെട്ടു. വിദേശത്തേക്ക് തിരിച്ചു പോകാൻ കഴിഞ്ഞതുമില്ല.
ഭാര്യയുമായി വേർപിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വർഷങ്ങള്‍ കബളിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ഡിസംബറിൽ വീട്ടിലെത്തി വീണ്ടും ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. എസ്ഐയുടെ ബന്ധുക്കള്‍ വിവരം അറിഞ്ഞപ്പോള്‍ തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് പരാതി നൽകിയത്.
റൂറൽ എസ്‌പിക്ക് ആദ്യം പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. പോലീസ് നിസ്സഹകരണം പുറത്തായതോടെയാണ് പിന്നീട് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മലയിൻകീഴ് പോലീസ് സ്‌റ്റേഷനിൽ കേസെടുത്തത്.
കേസ് എടുത്തതിന് പിന്നാലെ എവി സൈജുവിനെതിരെ വകുപ്പ്തല നടപടി ഉണ്ടായിരുന്നു. സൈജുവിനെ പോലീസ് ആസ്‌ഥാനത്തേക്ക് സ്‌ഥലം മാറ്റി. സൈജു നിലവിൽ അവധിയിലാണ്. പോലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് കൂടിയാണ് സൈജു.
Most Read: കടുത്ത പ്രതിസന്ധി; കെഎസ്ആർടിസി ജീവനക്കാരെ കുറയ്‌ക്കേണ്ടി വരുമെന്ന് മന്ത്രി