തിരുവനന്തപുരം: വനിതാ ഡോക്‌ടര്‍ നല്‍കിയ പീഡന പരാതിയിൽ പ്രതിയായ മലയിൻകീഴ് സിഐ എവി സൈജുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാനും ശുപാർശയുണ്ട്. സൈജുവിനെതിരെ പരാതിയിൽ കേസെടുത്തെങ്കിലും ഇയാളെ പോലീസ് ആസ്‌ഥാനത്തേക്ക് അറ്റാച്ച് ചെയ്‌ത് ഡിജിപി അനിൽകാന്ത് ഉത്തരവ് ഇറക്കിയിരുന്നു.
എന്നാൽ, പോലീസ് ആസ്‌ഥാനത്തേക്ക് പീഡന കേസ് പ്രതിയെ അറ്റാച്ച് ചെയ്യുന്നതിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് സൈജുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ കാട്ടാക്കട ഡിവൈഎസ്‌പി ശുപാർശ ചെയ്‌തത്. സിഐ എവി സൈജു കേസിൽ പ്രതിയാണെന്നും പോലീസ് ഉദ്യോഗസ്‌ഥന് വേണ്ട അച്ചടക്കം ലംഘിച്ചെന്നുമാണ് കാട്ടാക്കട ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിൽ പറയുന്നത്.
ഈ റിപ്പോർട് തിരുവനന്തപുരം റൂറൽ എസ്‌പി ദിവ്യാ ഗോപിനാഥ് ദക്ഷിണമേഖലാ ഐജിക്ക് കൈമാറി. നടപടിയിൽ ഉടൻ തീരുമാനം ഉണ്ടായേക്കും. ക്രിമിനലുകളുമായി സിഐക്ക് ബന്ധമുണ്ടെന്നും തന്റെ ജീവന് ഭീഷണി ഉണ്ടെന്നുമാണ് പരാതിക്കാരി പറയുന്നത്. വിവാഹ വാഗ്‌ദാനം നൽകി രണ്ട് വർഷത്തോളം സൈജു പീഡിപ്പിച്ചു എന്നാണ് വനിതാ ഡോക്‌ടറുടെ പരാതി.
വിദേശത്ത് നിന്നെത്തിയ ഡോക്‌ടര്‍ കുടുംബ സംബന്ധമായ പ്രശ്‌നത്തിൽ പരാതി നൽകാൻ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സിഐയുമായി പരിചയത്തിലാകുന്നത്. പിന്നീട് ഒരു ശസ്‌ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കവേ സൈജു ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ് യുവതി പരാതിപ്പെട്ടത്. സൈജു ഇടപെട്ട് തന്റെ ബാങ്കിലെ നിക്ഷേപം മറ്റൊരു ബാങ്കിലേക്ക് മാറ്റിയതായും യുവതി പരാതിയും പറയുന്നു.
പീഡനം നടന്നതായി പറയുന്ന ദിവസങ്ങളിൽ പരാതിക്കാരിയുടെ വീട്ടിൽ സൈജു വന്നിരുന്നോ എന്ന് സ്‌ഥിരീകരിക്കാനായി ജില്ലാ ക്രൈം ബ്രാഞ്ച് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും. അതേസമയം, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന സൈജുവിന്റെ ഭാര്യയുടെ പരാതിയിൽ വനിതാ ഡോക്‌ടർക്ക് എതിരെ കേസെടുക്കാനും നീക്കമുണ്ട്.
Most Read: പ്രതിസന്ധി രൂക്ഷം; പലായനം തുടർന്ന് ശ്രീലങ്കൻ ജനത, തമിഴ്‌നാട്ടിൽ ക്യാംപുകൾ