ന്യൂഡെൽഹി: ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളികളുടെ മോചനത്തിനായി നടപടികൾ തുടരുന്നതായി വിദേശകാര്യ മന്ത്രാലയം. കപ്പലിൽ കുടുങ്ങിയ മലയാളികളുടെ കുടുംബങ്ങളുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടു. ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയാണ് ബന്ധപ്പെട്ടത്. ആശങ്ക വേണ്ടെന്ന് ഇവർ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്.
മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി സാം സോമൻ, എറണാകുളം കൂനൻമാവ് സ്വദേശി എഡ്വിൻ, കടവന്ത്ര സ്വദേശികളായ ജിസ്‌മോൻ, ജിബിൻ ജോസഫ് എന്നിവരാണ് കപ്പലിൽ കുടുങ്ങിയ മലയാളികൾ. ഇവർ ജോലി ചെയ്യുന്ന കമ്പനിയുടെ മുബൈ ഓഫീസിൽ നിന്ന് ഇടയ്‌ക്കിടെ ബന്ധപ്പെടുന്നുണ്ടെങ്കിലും കൂടുതൽ വിവരം ലഭ്യമല്ലെന്നാണ് ചുങ്കത്തറ സ്വദേശി സാം സോമന്റെ ബന്ധുക്കൾ അറിയിക്കുന്നത്. അതിനിടെ, എണ്ണക്കപ്പലിലെ മലയാളികളുടെ മോചനം ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ ഇറാനിലെ ഇന്ത്യൻ അംബാസിഡർക്ക് കത്തയച്ചിട്ടുണ്ട്.
പിടിച്ചെടുത്ത കപ്പലിലെ 24 ജീവനക്കാരിൽ 23 പേരും ഇന്ത്യക്കാരാണ്. കുവൈറ്റിൽ നിന്നും ഹോസ്‌റ്റണിലേക്കുള്ള യാത്രാ മധ്യേയാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പലിലെ സാറ്റ്‌ലൈറ്റ് ഫോൺ അടക്കമുള്ള ആശയവിനിമയ ഉപകരണങ്ങൾ ജീവനക്കാരിൽ നിന്ന് പിടിച്ചെടുത്തതായാണ് വിവരം. ഒമാൻ തീരത്ത് നിന്നും അന്താരാഷ്‌ട്ര തർക്കം ആരോപിച്ചാണ് ഇറാൻ എണ്ണക്കപ്പൽ പിടികൂടിയത്. പിടിച്ചെടുത്ത കപ്പൽ ഇറാൻ നാവിക സേന അജ്‌ഞാത തുറമുഖത്തേക്ക് മാറ്റുകയായിരുന്നു.
Most Read: ദൗതം പൂർണം; അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു