കോഴിക്കോട്: കുന്ദമംഗലം ഗവ.കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് റീപോളിങ് പുരോഗമിക്കുന്നു. ഉച്ചക്ക് 12.30 വരെ വോട്ട് ചെയ്യാം. റീപോളിങ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഉച്ചക്ക് ശേഷം ഫലം പ്രഖ്യാപിക്കും. ബൂത്ത് രണ്ടു ഉൾപ്പെടുന്ന ഇംഗ്ളീഷ്, മാത്തമാറ്റിക്‌സ് വിഭാഗം വിദ്യാർഥികൾക്ക് മാത്രമാണ് കോളേജിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
എസ്എഫ്ഐ പ്രവർത്തകർ ബാലറ്റ് പേപ്പർ നശിപ്പിച്ചതോടെ കെഎസ്‌യു- എംഎസ്എഫ് പ്രവർത്തകർ കോടതിയെ സമീപിച്ചു വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ അനുകൂല വിധി നേടുകയായിരുന്നു. നവംബർ ഒന്നിനാണ് കുന്ദമംഗലം ഗവ.കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്നതിനിടെ സംഘർഷമുണ്ടായത്. വോട്ടെണ്ണൽ നടന്ന ഒന്ന്, മൂന്ന് ബൂത്തുകളിൽ കെഎസ്‌യു-എസ്എഫ്ഐ മുന്നണി മുന്നോട്ട് നിൽക്കുമ്പോഴാണ് ബാലറ്റ് പേപ്പറുകൾ നശിപ്പിക്കപ്പെട്ടത്.
90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ തോൽവി ഭയന്ന് എസ്എഫ്ഐ സംഘർഷം അഴിച്ചുവിട്ടെന്നും, ബാലറ്റ് പേപ്പർ നശിപ്പിച്ചെന്നുമാണ് ഹരജിയിൽ പറയുന്നത്. വോട്ടെണ്ണലിനിടെ എസ്എഫ്ഐ പ്രവർത്തകർ ബാലറ്റ് പേപ്പർ കീറിയെറിഞ്ഞെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. ബാലറ്റ് പേപ്പർ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ ഏഴ് എസ്എഫ്ഐക്കാരേയും ഒരു കെഎസ്‌യു പ്രവർത്തകനെയും സസ്‌പെൻഡ് ചെയ്‌തിരുന്നു. കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു.
Related News| കുന്ദമംഗലം ഗവ.കോളേജിലെ സംഘർഷം; എട്ടു വിദ്യാർഥികൾക്ക് സസ്‌പെൻഷൻ