ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ ബിജെപിയെ പ്രതിരോധത്തിൽ ആക്കി കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിദുനയിലെ എംഎൽഎ ആയ വിനയ് ഷാക്കിയ ആണ് രാജിവെച്ചത്. തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ മന്ത്രിസഭയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ നിന്ന് പുറത്തുപോകുന്ന നാലാമത്തെ എംഎൽഎയാണ് ഇത്.
ബ്രിജേഷ് പ്രജാപതി, ഭഗവത് സാഗര്‍, റോഷന്‍ ലാല്‍ വെര്‍മ എന്നിവരാണ് സ്വാമി പ്രസാദിനൊപ്പം പാർട്ടി വിട്ട മറ്റ് മൂന്ന് എംഎല്‍എമാര്‍. സ്വാമി പ്രസാദ് മൗര്യ രാജിവച്ച് അഖിലേഷ് യാദവിന്റെ എസ്‌പിയിൽ ചേർന്നു. മറ്റ് എംഎൽഎമാരും വൈകാതെ എസ്‌പിയിൽ ചേരുമെന്നാണ് സൂചന.
ദളിതരോടും കർഷകരോടും ബിജെപി സർക്കാർ കാണിക്കുന്ന അവഗണന ചൂണ്ടിക്കാട്ടിയാണ് ഉത്തർപ്രദേശിലെ തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ മന്ത്രിസഭയിൽ നിന്ന് രാജിവച്ച് സമാജ്‌വാദി പാർട്ടിയിൽ ചേർന്നത്.
ദളിതർ, കർഷകർ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, തൊഴിൽരഹിതരായ യുവാക്കൾ എന്നിവരോട് യോഗി ആദിത്യനാഥ് സർക്കാർ അവഗണന കാണിക്കുന്നതായി മൗര്യ തന്റെ രാജിക്കത്തിൽ ആരോപിച്ചു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മൗര്യയെ സ്വാഗതം ചെയ്യുകയും സമൂഹത്തിൽ നീതിക്ക് വേണ്ടിയാണ് അദ്ദേഹം എന്നും നിലകൊള്ളുന്നതെന്നും പറഞ്ഞു.
“മൗര്യ എപ്പോഴും സമൂഹത്തിലെ നീതിക്കുവേണ്ടി നിലകൊള്ളുന്നു, ജനങ്ങൾക്കിടയിൽ അറിയപ്പെടുന്ന മുഖമാണ്. അദ്ദേഹത്തെയും മറ്റ് എല്ലാ നേതാക്കളെയും പ്രവർത്തകരെയും അനുഭാവികളെയും ഞാൻ സമാജ്‌വാദി പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു,” അഖിലേഷ് യാദവ് പറഞ്ഞു.
Most Read: നാഗാലാൻഡ് വെടിവെപ്പ്; പ്രാഥമിക അന്വേഷണ റിപ്പോർട് സമർപ്പിച്ചു