ന്യൂഡെൽഹി: യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളാണ് വ്യോമയാന മന്ത്രാലയം നീക്കിയത്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. യുക്രൈനിലെ യുദ്ധഭീതി കണക്കിലെടുത്താണ് തീരുമാനം. റഷ്യ-യുക്രൈൻ യുദ്ധഭീതിയുടെ പശ്‌ചാത്തലത്തിൽ യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നിരുന്നു.
യുക്രൈനിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വിദേശകാര്യ മന്ത്രാലയം. എത്രയും വേഗം യുക്രൈൻ വിടാൻ ഇന്ത്യൻ പൗരൻമാർക്കും വിദ്യാർഥികൾക്കും ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയിരുന്നു. അത്യാവശ്യ കാര്യത്തിനല്ലാതെ അവിടെ തുടരുന്ന ഇന്ത്യക്കാർ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു നിർദ്ദേശം.
അനുദിനം സാഹചര്യങ്ങൾ മോശമാകുന്ന പശ്‌ചാത്തലത്തിലാണ് ഇന്ത്യൻ പൗരൻമാർക്ക് എംബസി അടിയന്തര അറിയിപ്പ് നൽകിയത്. യുക്രൈനിലേക്കുള്ള താൽക്കാലിക യാത്രകളും ഒഴിവാക്കണം. എന്നാൽ യുക്രൈനിലുള്ള ഇന്ത്യൻ എംബസി താൽക്കാലികമായി അടയ്‌ക്കില്ല. അവിടെ ഇപ്പോഴും തുടരുന്ന ഇന്ത്യക്കാർ എന്ത് ആവശ്യമുണ്ടെങ്കിലും എംബസിയുമായി ബന്ധപ്പെടണമെന്നാണ് അറിയിച്ചിട്ടുള്ളത്.
Read Also: കൊച്ചി മെട്രോ പാളത്തിൽ നേരിയ ചെരിവ് കണ്ടെത്തി