തിരുവനന്തപുരം: ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള എഎം ആരിഫ് എംപിയുടെ കത്തിനോട് പ്രതികരിച്ച് മുൻമന്ത്രി ജി സുധാകരൻ. മികച്ച രീതിയിലാണ് റോഡ് പുനർനിർമാണം പൂർത്തീകരിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. നിർമാണങ്ങൾക്ക് മേൽനോട്ടം വഹിച്ചത് മികവ് തെളിയിച്ച ഉദ്യോഗസ്‌ഥരെയാണ്. അപാകതയുണ്ടെങ്കിൽ പരിശോധിക്കട്ടെയെന്നും വിവാദം തന്നെ ബാധിക്കില്ലെന്നും ജി സുധാകരൻ പ്രതികരിച്ചു.
എൻഎച്ച് 66ലെ അരൂർ മുതൽ ചേർത്തല വരെയുള്ള 23.6 കിലോമീറ്റർ പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫിന്റെ ആരോപണം. വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എംപി കത്ത് നൽകി. 2019ൽ 36 കോടി ചിലവിട്ട് ജർമൻ സാങ്കേതിക വിദ്യയോടെ ആയിരുന്നു പുനർനിർമാണം.
മൂന്ന് വർഷം ഗ്യാരന്റിയോടെ നിർമിച്ച റോഡിന് നിലവാരമില്ലെന്നും റോഡിലുടനീളം കുഴികൾ രൂപപ്പെടുന്നെന്നും കത്തിൽ ആരിഫ് എംപി ചൂണ്ടിക്കാട്ടി. ഇന്നലെ ആലപ്പുഴയിൽ എത്തിയ മന്ത്രി മുഹമ്മദ് റിയാസിന് നേരിട്ടാണ് എംപി കത്ത് നൽകിയത്.
അതേസമയം, ദേശീയ പാതയിലെ കുഴികൾ നേരത്തെ ശ്രദ്ധയിൽപ്പെട്ടതാണ് എന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. സുധാകരൻ മന്ത്രിയായ കാലത്തേ പരിശോധനയും അന്വേഷണവും തുടങ്ങിയതാണ്. ഇക്കാര്യം കാണിച്ച് ചില നിർദ്ദേശങ്ങൾ വച്ച് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു എന്നും കരാറുകാരന്റെ ഭാഗത്ത് വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കിൽ അതും പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ് വ്യക്‌തമാക്കി.
Most Read: കരുത്തറിയിക്കാൻ കർഷക വനിതകൾ; സ്വാതന്ത്ര്യദിനത്തിൽ ട്രാക്‌ടർ പരേഡ്