പത്തനംതിട്ട: കനത്ത മഴയും മൂടൽമഞ്ഞും കാരണം കരിമല, പുല്ലുമേട് എന്നീ കാനന പാതകളിലൂടെയുള്ള ശബരിമല തീർഥാടകരുടെ കാൽനട യാത്രയ്‌ക്ക് നിരോധനം ഏർപ്പെടുത്തി. കാലാവസ്‌ഥ അനുകൂലമായാൽ മാത്രമേ ഇതുവഴിയുള്ള യാത്ര പുനരാരംഭിക്കുകയുള്ളൂ.
കരിമല വഴിയുള്ള കാനന പാതയിൽ അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളിൽ വനപാലകർ തീർഥാടകരെ മടക്കി അയക്കുകയാണ്. എരുമേലി പേട്ട തുള്ളിയാണ് തീർഥാടകർ കരിമല വഴിയുള്ള കാനനപാതയിലൂടെ യാത്ര ചെയ്യുന്നത്. കാളകെട്ടി വഴി അഴുതയിൽ എത്തിയ തീർഥാടകരെ വാഹനത്തിൽ കണമല, നിലയ്‌ക്കൽ വഴി പമ്പയിലേക്ക് പോകാൻ നിർദ്ദേശം നൽകി മടക്കുകയാണ്.
അഴുതക്കടവിൽ നിന്ന് പമ്പയിൽ എത്താൻ വാഹനം കിട്ടാതെ തീർഥാടകർ വലഞ്ഞു. എരുമേലിയിൽ നിന്ന് പരമ്പരാഗത പാതയിലൂടെ പമ്പയിൽ എത്താൻ 35 കിലോമീറ്റർ ദൂരമുണ്ട്. അഴുതക്കടവിലാണ് പെരിയാർ കടുവ സങ്കേതത്തിലേക്ക് തീർഥാടകർ പ്രവേശിക്കുന്നത്. അഴുതക്കടവ് മുതൽ പമ്പ വരെ 18 കിലോമീറ്ററാണ് ദൂരം. കുത്തനെയുള്ള കയറ്റവും ഇറക്കവുമാണ്.
മഴ മൂലം മണ്ണിടിച്ചിൽ സാധ്യതയും ഏറെയാണ്. കഴിഞ്ഞ ദിവസം പുല്ലുമേട് പാതയിലൂടെ എത്തിയ 12 പേർ മഴ കാരണം വഴിയിൽ കുടുങ്ങിയിരുന്നു. പാതയിൽ തെന്നി വീണ് ഇക്കൂട്ടത്തിലുള്ള പലർക്കും പരിക്കേറ്റു. ഇതിന്റെ പശ്‌ചാത്തലത്തിൽ വനംവകുപ്പ് കാനനപാതയിലൂടെയുള്ള കാൽനട യാത്രയ്‌ക്ക് നിയന്ത്രണം ആവശ്യപ്പെട്ടിരുന്നു.
മഴ ശക്‌തമായതിനാൽ വണ്ടിപ്പെരിയാർ സത്രത്തിൽ നിന്ന് പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള യാത്രയും നിരോധിച്ചു. സത്രത്തിൽ നിന്ന് സന്നിധാനത്തെത്താൻ 13 കിലോമീറ്റർ ദൂരമുണ്ട്. മഴ പെയ്‌ത് വഴി ചെളി നിറഞ്ഞു തെന്നിവീഴുന്ന അവസ്‌ഥയിലാണ്. പത്തനംതിട്ട ജില്ലയിൽ അതിശക്‌തമായ മഴ മുന്നറിയിപ്പ് ഉള്ളതിനാൽ പമ്പാ നദിയിൽ ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്.
Most Read| വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ‘ഇവ’ എന്ന പൂച്ചക്കുട്ടി; കേരളത്തിലാദ്യം