എസ്ബിഐയുടെ സ്‌ത്രീവിരുദ്ധ സര്‍ക്കുലർ; കേന്ദ്ര ധനകാര്യമന്ത്രിക്ക് കത്തയച്ച് ശിവദാസന്‍ എംപി

By News Bureau, Malabar News
SBI's anti-woman circular
Ajwa Travels

തിരുവനന്തപുരം: സ്‌ത്രീവിരുദ്ധതയും ലിംഗ വിവേചനവും നിറഞ്ഞ സര്‍ക്കുലര്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) പിന്‍വലിക്കണമെന്ന് ഡോ. വി ശിവദാസന്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് യൂണിയന്‍ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് എംപി കത്തയച്ചു.

ബാങ്കില്‍ പുതുതായി ജോലിക്ക് ചേരുന്നവര്‍ക്കായുള്ള പ്രമോഷന്‍, മെഡിക്കല്‍ ഫിറ്റ്നസ് ആൻഡ് ഒഫ്‌താല്‍മോളജിക്കല്‍ സ്‌റ്റാന്‍ഡേര്‍ഡ് എന്ന എസ്ബിഐയുടെ 2021 ഡിസമ്പര്‍ 31ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ സ്‌ത്രീവിരുദ്ധവും ലിംഗ വിവേചനപരവുമായ പരാമര്‍ശങ്ങളാണ് ഉള്ളതെന്ന് എംപി കത്തിൽ ചൂണ്ടിക്കാട്ടി.

പുതിയ സര്‍ക്കുലര്‍ പ്രകാരം മൂന്ന് മാസം ഗര്‍ഭിണിയായവര്‍ക്ക് മറ്റ് നിര്‍ദ്ദിഷ്‌ട യോഗ്യതകളെല്ലാം ഉണ്ടെങ്കിലും നിയമനം നല്‍കേണ്ട എന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിയമനത്തിനോ സ്‌ഥാനക്കയറ്റത്തിനോ ഗര്‍ഭധാരണം അയോഗ്യതയായി കണക്കാക്കേണ്ടതില്ല എന്ന് 2009ല്‍ എസ്ബിഐ സര്‍ക്കുലറിലൂടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. സമാനമായ മുന്നുത്തരവുകള്‍ക്ക് എതിരായുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു നടപടി.

രാജ്യത്തെ മുന്‍നിര പൊതുമേഖലാ സ്‌ഥാപനം എന്ന നിലയില്‍ മാതൃകയാവേണ്ട ഒന്നാണ് എസ്ബിഐ എന്നും, എന്നാല്‍ ഇപ്പൊള്‍ നിര്‍ഭാഗ്യവശാല്‍ തൊഴിലിടങ്ങളിലെ തുല്യതക്കും സ്വാതന്ത്ര്യത്തിനുമുള്ള ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ക്ക് വിരുദ്ധമായ സമീപനമാണ് എസ്ബിഐ സ്വീകരിച്ചിരിക്കുന്നത് എന്നും എംപി വ്യക്‌തമാക്കി.

സ്‌ത്രീയാണെന്നും ഗര്‍ഭിണിയാണെന്നും ഉള്ള കാരണങ്ങളാല്‍ ജോലി ചെയ്യാനുള്ള അവകാശത്തെ റദ്ദ് ചെയ്യുന്ന ഇത്തരം നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണ്. ഈ കാരണങ്ങളാല്‍ സീനിയോറിറ്റിയും അവകാശങ്ങളും നഷ്‌ടപ്പെടുത്തുന്ന രീതികള്‍ പൊതുസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവില്ല.

ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമായ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും, ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള സമഗ്രമായ നടപടികള്‍ സ്വീകരിക്കണമെന്നും ഡോ. വി ശിവദാസന്‍ എംപി കത്തിലൂടെ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനോട് ആവശ്യപ്പെട്ടു.

Most Read: റെയിൽവേ നിയമന പ്രതിഷേധം; പ്രധാനമന്ത്രിയുടെ ഓഫിസ് യോഗം വിളിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE