കൊടുവള്ളി: നഗരത്തിൽ നിർത്തിയിട്ട സ്‌കൂട്ടർ മോഷ്‌ടിച്ച രണ്ടുപേർ പോലീസ് പിടിയിൽ. ഈങ്ങാപ്പുഴ സ്വദേശി സഫ്‌വാൻ (32), മലപ്പുറം കൊണ്ടോട്ടി സ്വദേശി കിഴക്കയിൽ ഡാനിഷ് മിൻഹാജ് (19) എന്നിവരാണ് പിടിയിലായത്. മെയ് 2ന് പുലർച്ചെയാണ് മോഷണം നടന്നത്.
മദ്‌റസ ബസാർ എരപ്പുണ്ട് ജുമാ മസ്‌ജിദിന് മുൻവശത്ത് നിർത്തിയിട്ട ആക്‌ടീവ സ്‌കൂട്ടറാണ് ഇരുവർ സംഘം മോഷ്‌ടിച്ചത്. സ്‌കൂട്ടറിനായുള്ള തിരച്ചിലിനിടെ കൊടുവള്ളിയിൽ വെച്ച് മൂന്നുപേർ സ്‌കൂട്ടറിൽ സഞ്ചരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ ഒരാൾ ഓടിരക്ഷപ്പെട്ടു. മറ്റു രണ്ടുപേരെ ചോദ്യം ചെയ്‌തതിൽ നിന്നാണ് മദ്‌റസ ബസാറിൽ നിന്ന് മോഷണം പോയ സ്‌കൂട്ടറാണെന്ന് മനസിലായത്. പ്രതികളെ അറസ്‌റ്റ് ചെയ്‌തു.
രക്ഷപെട്ട പുതുപ്പാടി കൊട്ടരക്കോത്ത് സ്വദേശിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
Read also: ബംഗാളിലെ മനുഷ്യക്കുരുതി; പ്രതിഷേധവുമായി ബിജെപി