ഡെൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്നും വന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പൂനെയിലെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. നിലവില്‍ കോവിഡ് വാക്‌സിൻ ആസ്ട്ര സെനിക്ക വാക്‌സിൻ ഉൽപാദനം വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് 3000 കോടി രൂപ വേണ്ടി വരുമെന്നാണ് സെറം ഓഫ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഇന്ത്യ പറയുന്നത്.
മെയ് അവസാനത്തോടെ ഒരു മാസത്തിലെ ഉൽപാദനം 100 ദശലക്ഷം ഡോസില്‍ കൂടുതലായി വര്‍ദ്ധിപ്പിക്കാന്‍ ഈ തുക അത്യാവശ്യമാണ് എന്നാണ് ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്‌സിൻ നിര്‍മ്മാതാക്കളായ ഇവര്‍ പറയുന്നത്. ഇപ്പോഴത്തെ ഉൽപാദനം മാസം 65- 70 ദശലക്ഷം ഡോസാണ് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉൽപാദിപ്പിക്കുന്നത്.
ഒരു ഡസനോളം രാജ്യങ്ങളില്‍ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ആസ്ട്ര സെനിക്ക വാക്‌സിൻ വിതരണം ചെയ്യുന്നത്. ഇതിന് പുറമേ ബ്രിട്ടണ്‍, കാനഡ, സൗദി തുടങ്ങിയ രാജ്യങ്ങളിലും ഇവിടെ നിന്ന് വാക്‌സിൻ എത്തുന്നുണ്ട്.
ഇവിടെ ഉൽപാദിക്കുന്ന വാക്‌സിനാണ് കഴിഞ്ഞ ജനുവരി മധ്യത്തോടെ ഇന്ത്യയില്‍ അവതരിപ്പിച്ച വാക്‌സിൻ വിതരണത്തില്‍ ഉപയോഗിക്കുന്ന ഡോസുകളില്‍ 90 ശതമാനം. ഇത് ഏതാണ്ട് 86 ദശലക്ഷം ഡോസ് വരും.