ന്യൂഡെൽഹി: രണ്ട് വ്യത്യസ്‌ത കോവിഡ് വാക്‌സിനുകള്‍ മിശ്രിതപ്പെടുത്തി ഉപയോഗിക്കുന്ന നടപടിയോട് യോജിപ്പില്ലെന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. സൈറസ് പൂനാവാല. വാക്‌സിന്‍ മിശ്രിതത്തിന് താൻ എതിരാണെന്നും, അതിന്റെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ലോകമാന്യതിലക് അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്.
മിശ്രിത വാക്‌സിന്‍ പ്രതീക്ഷിച്ച ഫലം പ്രതിരോധം നല്‍കിയില്ലെങ്കില്‍ ഇരു കമ്പനികളും പരസ്‌പരം കുറ്റപ്പെടുത്തും. മറ്റ് വാക്‌സിന്റെ ഗുണമില്ലായ്‌മയാണ് പ്രതീക്ഷിച്ച ഫലം കിട്ടാത്തതിന്റെ കാരണമെന്ന് ഞങ്ങളുടെ സ്‌ഥാപനം പറയും, മറ്റ് കമ്പനികളും ഇതുതന്നെ പറയും. വാക്‌സിന്‍ മിശ്രിതപ്പെടുത്തിയാല്‍ കൂടുതല്‍ ഫലം കിട്ടുമെന്ന് തെളിയിക്കുന്ന കൃത്യമായ പരീക്ഷണം നടന്നിട്ടില്ല; അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് കോവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവ രണ്ട് ഡോസായി സ്വീകരിച്ചാല്‍ കൂടുതല്‍ ഫലമുണ്ടാകുമെന്ന് ഐസിഎംആര്‍ അറിയിച്ചത്. ഉത്തര്‍പ്രദേശിലെ 98 പേരിലാണ് പഠനം നടത്തിയത്. ആദ്യ ഡോസ് കോവിഷീല്‍ഡും, രണ്ടാം ഡോസ് കൊവാക്‌സിനുമാണ് ഇവർക്ക് നല്‍കിയത്. പരീക്ഷണം നടത്തിയ 18 പേരില്‍ പ്രതിരോധ ശേഷി വര്‍ധിച്ചതായി ഐസിഎംആര്‍ വ്യക്‌തമാക്കിയിരുന്നു.
Read Also: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തയാള്‍ അറസ്‌റ്റില്‍